National

ഫാത്തിമയുടെ മരണം; ഐ.ഐ.ടിയിൽ ചർച്ച ഇന്ന്

മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ നടപടി വൈകുന്നതിൽ പ്രതിഷേധം തുടരുന്നു. വിവിധ വിദ്യാർത്ഥി സംഘടനകൾ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സമരം നിർത്തിയ ഐ.ഐ.ടി വിദ്യാർത്ഥികളുമായി ഡയറക്ടർ ഇന്ന് ചർച്ച നടത്തും.

ഫാത്തിമയുടെ മരണത്തിൽ ആഭ്യന്തര അന്വേഷണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ചിന്താ ബാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നിരാഹാര സമരം നടത്തിയത്. ഐ.ഐ.ടി ഡയറക്ടറുടെ അഭാവത്തിൽ ആവശ്യങ്ങൾ അംഗീകരിയ്ക്കാമെന്ന ഡീനിന്റെ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട ചർച്ചയാണ് ഇന്ന് നടക്കുക. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വീണ്ടും സമരം ആരംഭിയ്ക്കുമെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.

കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എൻ.എസ്.യു നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി ഇന്നോ നാളെയോ പരിഗണിയ്ക്കും. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഒരു വിദഗ്ധ സമിതി വേണമെന്ന ഹർജിയും കോടതിയ്ക്ക് മുന്നിലുണ്ട്. കേസിൽ ആരോപണ വിധേയരായ സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നീ അധ്യാപകരെ ക്രൈം ബ്രാഞ്ച് സംഘം രണ്ട് തവണ ചോദ്യം ചെയ്തു. ഫാത്തിമയുടെ മാതാവ്, സഹോദരി, സഹപാഠികൾ എന്നിവരിൽ നിന്നും വരും ദിവസങ്ങളിൽ മൊഴിയെടുക്കും.