National

ചീറ്റകൾക്ക് ഇന്ത്യൻ ഭക്ഷണം നൽകിത്തുടങ്ങി; കഴിച്ചത് 2 കിലോ പോത്തിറച്ചി വീതം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ രാജ്യത്തെത്തിച്ച 8 ചീറ്റകൾക്ക് ഇന്ത്യൻ ഭക്ഷണം നൽകിത്തുടങ്ങി. 2 കിലോ പോത്തിറച്ചി വീതമാണ് ചീറ്റകൾ ഇന്ത്യയിലെത്തിയതിനു ശേഷം ആദ്യം കഴിച്ച ഭക്ഷണം. ഞായറാഴ്ച വൈകിട്ട് നൽകിയ ഭക്ഷണം ഒരാളൊഴികെ ബാക്കിയെല്ലാ ചീറ്റകളും മുഴുവനും കഴിച്ചു. ഭക്ഷണം മുഴുവനും കഴിക്കാത്തതിൽ അസ്വാഭാവികതയില്ലെന്ന് അധികൃതർ അറിയിച്ചു.

30 മുതൽ 66 മാസം വരെ പ്രായമുള്ള ചീറ്റകളാണ് രാജ്യത്ത് എത്തിയത്. ഇന്ത്യൻ സാഹചര്യവുമായി ചീറ്റകൾ ഇണങ്ങിക്കഴിഞ്ഞു. മൂന്ന് ദിവസത്തിൽ ഒരിക്കലാണ് ഇവ ഭക്ഷണം കഴിക്കാറുള്ളത്.

വംശനാശം നേരിട്ട ചീറ്റപ്പുലികൾ ഏഴ് പതിറ്റാണ്ടിന് ശേഷമാണ് തിരിച്ചുവന്നത്. നമീബിയൻ കാടുകളിൽ നിന്ന് എട്ടു ചീറ്റകളാണ് കുനോ വനത്തിൽ വിഹരിക്കുക. ചീറ്റകൾക്ക് ജീവിക്കാൻ സാധ്യമായ പരിതസ്ഥിതിയും ഭൂഘടനയുമാണ് കുനോയിലേത്. ഗ്വാളിയോറിൽ നിന്ന് അഞ്ച് പെൺ ചീറ്റകളെയും മൂന്ന് ആൺ ചീറ്റകളെയും ഹെലികോപ്റ്ററിലാണ് കുനോയിൽ എത്തിച്ചത്.

പതിനാറ് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിക്കാനുള്ള ധാരണാപത്രത്തിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്. വംശനാശം സംഭവിച്ച വന്യജീവികളെയും ആവാസവ്യവസ്ഥയേയും പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ട് 2009ൽ ആവിഷ്കരിച്ച പദ്ധതിയിലാണ് ചീറ്റുകളെ വീണ്ടും അവതരിപ്പിക്കുന്നത്. 1947ൽ മഹാരാജ് രാമാനുജ് പ്രതാപ് സിംഗാണ് ഇന്ത്യയിലെ അവസാനത്തെ ചീറ്റപ്പുലിയെയും കൊന്നത്. 1952 ൽ ഏഷ്യൻ ചീറ്റപ്പുലികൾ വംശനാശം സംഭവിച്ചതായി ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

ചീറ്റകൾക്ക് വീടൊരുക്കുന്നതിനായി 150 ഓളം കുടുംബങ്ങളെമാറ്റിപാർപ്പിച്ചു. കുനോ വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള 20ഓളം ഗ്രാമങ്ങളിൽ നിന്നാണ് ഈ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്.

അമിത വേട്ടയാടൽ, ആവാസവ്യവസ്ഥയുടെ നഷ്ടം മുതലായ കാരണങ്ങൾ മൂലമാണ് ചീറ്റപ്പുലികളുടെ വംശനാശം സംഭവിച്ചതെന്നാണ് പഠനങ്ങൾ പറയുന്നത്. 1992ലാണ് ചീറ്റകൾക്ക് വംശനാശം സംഭവിച്ചതായി ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നത്. അഞ്ച് ആൺ ചീറ്റകളേയും മൂന്ന് പെൺ ചീറ്റകളേയുമാണ് ഇന്ത്യയിലേക്കെത്തിക്കുന്നത്. 30 ദിവസത്തെ ക്വാറന്റീനിന് ശേഷമാകും ചീറ്റകളെ 740 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള പ്രത്യേക ഭാഗത്തേക്ക് തുറന്നുവിടുക.