National

ഭാരത് പെട്രോളിയം വിൽക്കാനൊരുങ്ങി കേന്ദ്രം

പൊതുമേഖലാ സ്ഥാപനമായ ‘ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ’ ഓഹരികള്‍ വിൽക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. സ്ഥാപനത്തിൻ്റെ നാലിലൊന്ന് ഓഹരികള്‍ വിൽക്കാനാണ് തീരുമാനം. വിൽപ്പന സംബന്ധിച്ച ചർച്ചകൾ പ്രാരംഭഘട്ടത്തിലാണെന്ന് റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ബി.പി.സി.എല്ലിന്റെ മുഴുവന്‍ ഓഹരിയായ 52.98 ശതമാനവും വിൽക്കുന്നതിന് പകരം 20 മുതല്‍ 25 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. നാല് വർഷം മുമ്പ് ബിപിസിഎല്ലിന്റെ മുഴുവൻ ഓഹരികളും വിൽക്കാൻ കേന്ദ്രം പദ്ധതിയിട്ടിരുന്നു. ഇതിലൂടെ 8-10 ബില്യൺ ഡോളർ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്.

റഷ്യൻ ഭീമന്മാരായ റോസ്‌നെഫ്റ്റും സൗദിയുടെ ആരാംകോയുമടക്കമുള്ളവര്‍ ലേലത്തിനെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആരും താത്പര്യം പ്രകടിപ്പിക്കാത്തതിനാല്‍ വില്‍പന നടന്നിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ആ സമയത്തെ കുറഞ്ഞ എണ്ണ വിലയും ദുർബലമായ ഡിമാൻഡും കാരണമാണ് ആരും എത്താതിരുന്നത്.

വില്‍പനയുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന് 12 മാസത്തിലധികം സമയമെടുക്കുന്നതിനാൽ, ബിപിസിഎല്ലിന്റെ ഒരു ഭാഗം പോലും ഈ സാമ്പത്തിക വർഷം വിറ്റഴിക്കാന്‍ സാധിച്ചില്ലെന്ന് വൃത്തങ്ങൾ പറഞ്ഞു. പെട്രോൾ, ഡീസൽ വിലകളിലെ പൊരുത്ത കേടുകളാണ് വിൽപ്പന സാധ്യതകളെ ബാധിച്ചതെന്ന് അവരിൽ ഒരാൾ പറഞ്ഞു.

“നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിലും, നവംബറിനും ഫെബ്രുവരിക്കും ഇടയിൽ നാല് മാസത്തേക്ക് പെട്രോൾ വില ഉയർത്താതിരുന്നത് തെരഞ്ഞെടുപ്പ് കാരണമാണ്.” ഉദ്യോഗസ്ഥർ പറഞ്ഞു. ഓഹരി വാങ്ങാനെത്തിയ എല്ലാവരും പിന്‍മാറിയതിനെ തുടര്‍ന്നാണ് പുതിയ ചര്‍ച്ചകള്‍ തുടങ്ങിയതെന്നും അവര്‍ പറഞ്ഞു. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റും ഓയില്‍-ടു-മെറ്റല്‍സ് കൂട്ടായ്മയായ വേദാന്ത ഗ്രൂപ്പുമാണ് അന്തിമ ലേലക്കാരെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാൽ സർക്കാരും വേദാന്തയും ബിപിസിഎല്ലും അപ്പോളോ ഗ്രൂപ്പും വാർത്തയെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.