National

കർണാടകയിലെ കെജിഎഫ് വില്ലയിൽ നിന്ന് കണക്കില്‍പ്പെടാത്ത നാലരക്കോടി രൂപ പിടിച്ചെടുത്തു

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ കണക്കില്‍പ്പെടാത്ത നാലരക്കോടി രൂപ പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ ഒളിപ്പിച്ച നിലയില്‍ പണം കണ്ടെത്തുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ വോട്ടന്മാര്‍ക്ക് വിതരണം ചെയ്യാനായിരുന്നു പണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.(Cash worth 4-5 crore seized from KGF villa)

കർണാടകയിലെ കൊല്ലാർ ഗോൾഡ് ഫീൽഡിലെ (കെജിഎഫ്) ബനാർപേട്ട് താലൂക്കിലെ വില്ലയിൽ തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ അകമ്പടിയോടെയാണ് കർണാടക പൊലീസ് സംഘം റെയ്ഡ് നടത്തിയത്.

കോലാറിലാണ് സംഭവം. റിയല്‍ എസ്‌റ്റേറ്റുകാരനില്‍ നിന്നാണ് പണം പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 29ന് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം 117 കോടി രൂപയാണ് പിടിച്ചെടുത്തത്. ഇത് കൂടാതെ 85.53 കോടിയുടെ സ്വര്‍ണവും 78.71 കോടിയുടെ മദ്യവും പിടിച്ചെടുത്തു. കര്‍ണാടകയില്‍ മെയ് പത്തിനാണ് തെരഞ്ഞെടുപ്പ്. മെയ് പതിമൂന്നിന് ഫലപ്രഖ്യാപനം നടക്കും.