National

പ്രവാചക നിന്ദാ പരാമർശം; നൂപുർ ശർമയെ പിന്തുണച്ച യുവാവ് അറസ്റ്റിൽ

മഹാരഷ്ട്രയിലെ താനെയിൽ പ്രവാചക നിന്ദാ പരാമർശത്തിൽ നൂപുർ ശർമയെ പിന്തുണച്ച് പോസ്റ്റിട്ട 22 കാരൻ അറസ്റ്റിൽ . മുകേഷ് ചവാനാണ് അറസ്റ്റിലായത്. നൂപുർ ശർമയെ പിന്തുണച്ചുകൊണ്ടുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട ഒരാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവാവിനോട് പോസ്റ്റ് നീക്കം ചെയ്യാൻ പൊലീസ് നിർദേശം നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ, പൊലീസ് ചവാനെതിരെ ഇന്ത്യൻ ശിക്ഷാനിയമം 153 പ്രകാരം കേസെടുത്തു. പോസ്റ്റ് സമൂഹത്തിൽ തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും പരാതിക്കാരന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു.

ചാനല്‍ ചര്‍ച്ചക്കിടയില്‍ മുഹമ്മദ് നബിയേക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ ബി.ജെ.പി. സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിയുടെ ഡല്‍ഹി മാധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനേയും പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. നൂപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വ്യാപകമായ പ്രതിഷേധവും സംഘര്‍ഷവും തുടരുന്നതിനിടെയാണ് ബി.ജെ.പിയുടെ നടപടി.

നൂപുര്‍ ശര്‍മ, പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് മുസ്ലിം സംഘടനകള്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നൂപുറിന്റെ പരാമര്‍ശത്തെ തള്ളിയ ബി.ജെ.പി., ഏതെങ്കിലും മതവ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു. ‘ഇന്ത്യയുടെ ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രത്തില്‍, എല്ലാ മതങ്ങളും വളരുകയും പന്തലിക്കുകയും ചെയ്തു. ഭാരതീയ ജനതാ പാര്‍ട്ടി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഏതെങ്കിലും മതത്തിലെ ഏതെങ്കിലും മതവ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ബി.ജെ.പി. ശക്തമായി അപലപിക്കുന്നു’, ബി.ജെ.പി. പ്രസ്താവനയില്‍ പറഞ്ഞിരുന്നു.