ജോലിയോ അതോ സ്വന്തം കുഞ്ഞോ എന്ന് തീരുമാനിക്കാൻ ഒരമ്മയെ നിർബന്ധിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. മകളുമായി പോളണ്ടിലേക്ക് മാറിത്താമസിക്കാൻ അനുമതി നിഷേധിച്ച കുടുംബകോടതി വിധി റദ്ദ് ചെയ്തുകൊണ്ടായിരുന്നു നിരീക്ഷണം. ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ സിംഗിൾ ബെഞ്ച് ജൂലൈ 8 നാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ഒമ്പത് വയസ്സുള്ള മകളോടൊപ്പം പോളണ്ടിലെ ക്രാക്കോവിലേക്ക് മാറാൻ അനുമതി തേടി യുവതി നൽകിയ ഹർജി കോടതി പരിഗണിക്കുകയായിരുന്നു. ഭർത്താവിൽ നിന്നും 2015 മുതൽ മകളോടൊപ്പം വേറിട്ടു താമസിക്കുകയാണ് ഇവർ. പൂനെയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്ത്രീക്ക് കമ്പനി പോളണ്ടിലേക്ക് പ്രൊമോഷൻ നൽകി. ഇതിനെതിരെ ഭർത്താവ് കുടുംബകോടതിയെ സമീപിച്ചു.
കുട്ടിയെ തന്നിൽ നിന്ന് തട്ടിയെടുത്താൽ ഇനി കാണാൻ കഴിയില്ലെന്ന് കാണിച്ചായിരുന്നു ഹർജി. റഷ്യ-യുക്രൈൻ യുദ്ധം കുഞ്ഞിന്റെ സുരക്ഷയെ ബാധിക്കുമെന്നും പിതാവ് ആരോപിച്ചു. തുടർന്ന് കുടുംബകോടതി അമ്മയ്ക്ക് യാത്രാനുമതി നിഷേധിച്ചു. ഈ വിധിയാണ് ബോംബെ ഹൈക്കോടതി റദ്ദാക്കിയത്. അതേസമയം പിതാവിനെ കാണാൻ തടയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അവധിക്കാലത്ത് മകളോടൊപ്പം ഇന്ത്യയിലേക്ക് വരാൻ യുവതിയോട് നിർദ്ദേശിച്ചു.