National

പണം നല്‍കിയാല്‍ സര്‍ക്കാര്‍ ജോലി ഉറപ്പ്, കോടികള്‍ തട്ടി: ബിജെപി വനിതാ നേതാവ് അറസ്റ്റിൽ

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ബിജെപി വനിത നേതാവ് പൊലീസ് പിടിയില്‍. അസമിലെ കർബി ആങ്ലോ​ങ് ജില്ലയിലെ ബിജെപി കിസാൻ മോർച്ച സെക്രട്ടറി മൂൺ ഇംഗ്‌ടിപിയാണ് പിടിയിലായത്. വർഷങ്ങളായി നടന്നുവരുന്ന തട്ടിപ്പിലൂടെ പലരിൽ നിന്നായി ഒമ്പതു കോടിയിലധികം രൂപ മൂൺ തട്ടിയെടുത്തിട്ടുണ്ടെന്നാണ് ഇരകളിൽ നിന്നും ലഭിക്കുന്ന വിവരം.

ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമുള്ള ചിത്രവും ഇവര്‍ തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ട്.വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു മൂണ്‍ ഇംഗ്ടിപി യുവാക്കളില്‍ നിന്നും പണം തട്ടിയത്. കര്‍ബി ആംഗ്ലോങ് ജില്ലയിലെ ബിജെപിയുടെ കിസാന്‍ മോര്‍ച്ചയുടെ സെക്രട്ടറിയായിരുന്നു മൂണ്‍ ഇംഗ്ടിപി. ഈ പദവി ഉപയോഗിച്ചും ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

കര്‍ബി ആംഗ്ലോംഗ് ഓട്ടോണമസ് കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടീവ് അംഗം തുലിറാം റോങ്ഹാങ് മുതല്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വരെയുള്ള ഭരണകക്ഷിയായ ബിജെപി നേതാക്കളുമായി തനിക്ക് അടുപ്പമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.

ഇവര്‍ അറസ്റ്റിലായതിന് പിന്നാലെ നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പാര്‍ട്ടി ഇവര്‍ക്കെതിരെ നടപടി എടുക്കുകയും ബിജെപിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്.