National

തെരഞ്ഞെടുപ്പ് ജയം, ജനസ്വീകാര്യതയുടെ പ്രതിഫലനം; മണിപ്പൂർ ബിജെപി

മണിപ്പൂരിൽ ബിജെപി വൻവിജയത്തിന് തയ്യാറെടുക്കുമ്പോൾ പാർട്ടി നേതൃത്വത്തെ പ്രശംസിച്ച് സംസ്ഥാന അധ്യക്ഷ എ ശാരദാ ദേവി. പാർട്ടിക്കും ഭരണത്തിനും ജനങ്ങൾ നൽകിയ സ്വീകാര്യതയുടെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പ് ജയം. ഇതുവരെ ജയിച്ചിട്ടില്ലാത്ത മേഖലകളിൽ ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചു. കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന സ്ഥലങ്ങളിൽ ബിജെപിക്ക് വലിയ നേട്ടമുണ്ടായി എന്നും ശാരദാ ദേവി പറഞ്ഞു.

മണിപ്പൂരിലെ ജനങ്ങൾ ബിജെപിയെയും ഭരണത്തെയും അംഗീകരിച്ചുവെന്ന് ഫലം വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിൽ മറ്റ് പാർട്ടികളുടെ വലിയ എതിരാളികളെ പരാജയപ്പെടുത്താനും തങ്ങൾക്ക് കഴിഞ്ഞു. പാർട്ടി ഭൂരിപക്ഷം നേടുമെന്ന് വിശ്വാസമുണ്ടെന്ന് സംസ്ഥാന ബിജെപി അധ്യക്ഷ പറഞ്ഞു.സംസ്ഥാന തെരഞ്ഞെടുപ്പിൽ തകർപ്പൻ പ്രകടനവുമായി ഭാരതീയ ജനതാ പാർട്ടി ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. അതേസമയം, കോൺഗ്രസിന്റെ ശക്തികേന്ദ്രമെന്ന് വിളിക്കപ്പെടുന്ന മണിപ്പൂരിൽ പാർട്ടിക്ക് അടിതെറ്റി.

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് തന്റെ മണ്ഡലമായ ഹിംഗംഗിൽ വൻ വിജയം നേടി. എൻ ബിരേൻ സിംഗ് 17,000 വോട്ടുകൾ നേടി. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാൻ സമയമെടുക്കുമെന്നും ഫലം വരട്ടെയെന്നും മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു. നമ്മുടെ ദേശീയ നേതാക്കൾ മുഖ്യമന്ത്രിയുടെ മുഖം തീരുമാനിക്കും, ഞങ്ങൾ പ്രധാനമന്ത്രി മോദിയുടെ സമഗ്ര വികസന മന്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ വിജയത്തിൽ പാർട്ടി പ്രവർത്തകർ വൻ ആഘോഷമാണ് നടത്തുന്നത്. ഇംഫാലിലെ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ വസതിയിലാണ് ആഘോഷങ്ങൾ നടക്കുന്നത്.