National

ആദിപുരുഷ് ഹിന്ദുദൈവങ്ങളെ അപമാനിക്കുന്നു; സിനിമയ്ക്കെതിരെ ബിജെപി

പ്രഭാസ് നായകനായ ആദിപുരുഷ് സിനിമ ഹിന്ദുദൈവങ്ങളെ അപമാനിക്കുന്നു എന്ന് ബിജെപി. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര, കർണാടക ബിജെപി വക്താവ് മാളവിക അവിനാഷ് എന്നിവരാണ് സിനിമയ്ക്കെതിരെ രംഗത്തുവന്നത്. ദൈവങ്ങളെ അപമാനിക്കുന്ന സീനുകൾ നീക്കം ചെയ്യാൻ സംവിധായകനോട് ആവശ്യപ്പെടുമെന്ന് നരോട്ടം മിശ്ര പറഞ്ഞു. നീലക്കണ്ണുകളുള്ള, മേക്കപ്പ് ഇട്ട് ലെതർ ജാക്കറ്റ് ധരിച്ച രാവണനാണ് ചിത്രത്തിലുള്ളത് എന്ന് മാളവിക അവിനാഷും കുറ്റപ്പെടുത്തി.

“നമ്മുടെ ദൈവങ്ങൾ ഇത്തരത്തിൽ ചിത്രീകരിക്കപ്പെടാൻ പാടില്ല. ഞാൻ ആദിപുരുഷ് ടീസർ കണ്ടു. വളരെ മോശം. ഹനുമാൻ ജിയുടെ വസ്ത്രങ്ങളെപ്പറ്റി എഴുതപ്പെട്ടിട്ടുണ്ട്. പക്ഷേ, ഹനുമാൻ ജിയെ എങ്ങനെയാണ് കാണിച്ചത്? എന്തുകൊണ്ടാണ് അവർ എപ്പോഴും നമ്മുടെ ദൈവങ്ങളെ ഇങ്ങനെ ചിത്രീകരിക്കുന്നത്? എന്തുകൊണ്ട് അവർ മറ്റുള്ള ദൈവങ്ങളെ ഇങ്ങനെ കാണിക്കുന്നില്ല? ധൈര്യമുണ്ടോ? ഇത്തരം സീനുകൾ നീക്കണമെന്നാവശ്യപ്പെട്ട് സിനിമയുടെ സംവിധായകൻ ഓം റൗട്ടിന് ഞാൻ കത്തെഴുതാൻ പോവുകയാണ്. നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും.”- നരോട്ടം നിശ്ര പറഞ്ഞു.

രാവണനെയും രാമായണത്തെയും തെറ്റായി ചിത്രീകരിച്ചു എന്ന് മാളവിക കുറ്റപ്പെടുത്തി. ‘വാൽമീകി രാമായണമോ കമ്പ രാമായണമോ തുളസീദാസന്റെ രാമായണമോ അല്ലെങ്കിൽ ലഭ്യമായ അനേകം രാമായന വ്യാഖ്യാനങ്ങളോ സംവിധായകൻ ഗവേഷണത്തിനായി ഉപയോഗിക്കാത്തതിൽ വിഷമമുണ്ട്. നമ്മുടെ സ്വന്തം സിനിമളെങ്കിലും ഗവേഷണത്തിനായി ഉപയോഗിക്കുകയാണ് അദ്ദേഹത്തിനു ചെയ്യാൻ കഴിയുമായിരുന്ന ഏറ്റവും കുറഞ്ഞ കാര്യം. രാവണൻ്റെ രൂപം എങ്ങനെയാണെന്ന് കാണിക്കുന്ന ധാരാളം കന്നഡ, തെലുങ്ക്, തമിഴ് സിനിമകളുണ്ട്. ഇന്ത്യക്കാരനല്ലെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സിനിമയിൽ രാവണനെ ചിത്രീകരിച്ചിരിക്കുന്നത്. നീലക്കണ്ണുകളുള്ള, മേക്കപ്പ് ഇട്ട് ലെതർ ജാക്കറ്റ് ധരിച്ച രാവണനാണ് ചിത്രത്തിലുള്ളത്. ഇത് സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിൻ്റെ മറവിൽ ചെയ്യാനാവില്ല. ആർക്കും ഇത് നിസാരമായി കാണാനാവില്ല. ഇത്തരത്തിലെ തെറ്റായ ചിത്രീകരണത്തിൽ എനിക്ക് വിഷമവും ദേഷ്യവുമുണ്ട്. അവർ പ്രതിനിധീകരിക്കുന്നത് നമ്മുടെ ചരിത്രത്തെയാണ്.’- വാർത്താ ഏജൻസിയായ എഎൻഐയോട് മാളവിക പ്രതികരിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയും മാളവിക സിനിമക്കെതിരെ രംഗത്തുവന്നു.

ആദിപുരുഷ് വിഎഫ്എക്സ് ചെയ്തത് തങ്ങളല്ലെന്ന വിശദീകരണവുമായി എൻവൈ വിഎഫ്എക്സ്‌വാല രംഗത്തുവന്നിരുന്നു. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയതിനു പിന്നാലെ വിഎഫ്എക്സ് വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. ഇതോടെയാണ് സിനിമയുടെ വിഎഫ്എക്സ് ചെയ്തത് തങ്ങളല്ലെന്ന് എൻവൈ വിഎഫ്എക്സ്‌വാല വിശദീകരിച്ചത്. നടൻ അജയ് ദേവ്ഗണിൻ്റെ നേതൃത്വത്തിലുള്ള കമ്പനിയാണ് എൻവൈ വിഎഫ്എക്സ്‌വാല.