National

ബിംസ്റ്റെക് ഉച്ചകോടി; വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ കൊളംബോയില്‍

ബിംസ്റ്റെക് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ഇന്ന് കൊളംബോയില്‍ നടക്കും. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അടക്കമുള്ള ഏഴ് അംഗ രാജ്യങ്ങളിലേയും വിദേശകാര്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുക. വര്‍ത്തമാനകാല അന്താരാഷ്ട്ര സാഹചര്യമാണ് യോഗം പ്രധാനമായും വിലയിരുത്തുന്നത്.

വാണിജ്യ വ്യാപാര മേഖലകളില്‍ ബന്ധം ശക്തമാക്കാന്‍ ബിംസ്റ്റെക് തീരുമാനിക്കും. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയവും ബിംസ്റ്റെക് ചര്‍ച്ച ചെയ്യും. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വല്‍ ആയി ബിംസ്റ്റെക് ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നുണ്ട്.
ശ്രീലങ്കന്‍ നേതാക്കളുമായുള്ള എല്ലാ സുപ്രധാന ഉഭയകക്ഷി ചര്‍ച്ചകളിലും ഇന്ത്യന്‍ വിദേശകാര്യമന്ത്രി പങ്കെടുക്കുമെന്നാണ് വിവരം.

സാമ്പത്തിക പ്രതിസന്ധിക്കിടെ ശ്രീലങ്കയെ സഹായിക്കുന്ന പുതിയ പ്രഖ്യാപനങ്ങള്‍ ഇന്ത്യ നടത്തിയതിന് ശേഷമുള്ള വിദേശകാര്യമന്ത്രിയുടെ ആദ്യ ലങ്കാ സന്ദര്‍ശനമാണിത്. മാലിദ്വീപ് സന്ദര്‍ശനം അവസാനിപ്പിച്ചതിന് ശേഷമാണ് ജയശങ്കര്‍ കൊളംബോയിലെത്തിയത്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്‍മര്‍, തായ്‌ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ ഏഴ് രാജ്യങ്ങളാണ് ബിംസ്റ്റെക് പട്ടികയില്‍ ഉള്‍പ്പെടുന്നത്.