കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഈ മുന്നേറ്റത്തിൽ രാഹുൽഗാന്ധി എന്ന നേതാവിന് കൃത്യമായ പങ്കുണ്ട്. തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്തിലൂടെ കടന്നുപോയ രാഹുൽ നയിച്ച ഭാരത് ജോഡോയാത്രയും കോൺഗ്രസ് പ്രവർത്തകർക്ക് ഊർജം നിറച്ചിരുന്നു. കർണാടകയിലൂടെ രാഹുൽ നടന്നു നീങ്ങിയത് 17 മണ്ഡലങ്ങളിലൂടെയായിരുന്നു.
2022 സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര സെപ്തംബർ 30ന് ഗുണ്ടൽപേട്ട് വഴിയാണ് കർണാടകയിലേക്ക് പ്രവേശിക്കുന്നത്. പതിനേഴിൽപരം മണ്ഡലം കവർ ചെയ്തായിരുന്നു രാഹുലിന്റെ യാത്ര. അനാരോഗ്യം വകവയ്ക്കാതെ ഒക്ടോബർ 6 ന് സോണിയ ഗാന്ധി യാത്രയിൽ ചേർന്നു. അന്തരിച്ച മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കുടുംബം ഭാരത് ജോഡോ യാത്രയിൽ അണിചേർന്നു. വിവിധ ജില്ലകൾ കടന്ന് യാത്ര ചിത്രദുർഗ ജില്ലയിലെത്തി. അവിടെ തൊഴിൽരഹിതരായ യുവാക്കളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു.
രാഹുൽ ഗാന്ധി നടന്ന റൂട്ടിൽ നിലവിൽ ബിജെപി പൂജ്യം സീറ്റുകളാണ് നേടിയത്. നിലവിൽ 17+ സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു’ -കോൺഗ്രസ് നേതാവ് ശ്രീവത്സ ട്വീറ്റ് ചെയ്തു.
അതേസമയം സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ കേവലഭൂരിപക്ഷമായ 113 ഉം കടന്ന് 137 സീറ്റിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 64 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. 19 സീറ്റിലാണ് ജെഡിഎസ് ലീഡ് ചെയ്യുന്നത്. ജെഡിഎസ് പിന്തുണയോടെ ബാഗേപ്പള്ളിയിൽ മത്സരിച്ച സിപിഐഎമ്മിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇവിടെയും കോൺഗ്രസ് തന്നെ വിജയിച്ചു.