സുരക്ഷാ ഏജൻസികളുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ തുടർന്നും പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ.സി വേണുഗോപാൽ അറിയിച്ചു. ഇന്നത്തേത് വനിതകളുടെ യാത്രയാണ്. വൻ സ്ത്രീ പങ്കാളിത്തം ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടുന്നത്. മികച്ച സുരക്ഷ ഉറപ്പാക്കാമെന്നാണ് സുരക്ഷാ ഏജൻസികൾ അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തേ കാശ്മീർ താഴ്വരയിൽ എത്തിയപ്പോൾ രാഹുലിന്റെ സുരക്ഷ പിൻവലിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സുരക്ഷാ ഏജൻസികളുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധി ഇന്ന് യാത്രയ്ക്കെത്തുന്നത്. എല്ലാ സ്ഥലങ്ങളിലും ആവശ്യമായ സുരക്ഷ നൽകുമെന്ന് കോൺഗ്രസുമായുള്ള ചർച്ചയിൽ സുരക്ഷാ ഏജൻസികൾ വ്യക്തമാക്കിയിരുന്നു. അവന്തിപ്പോരയിലെ നമ്പാൽ മേഖലയിൽ നിന്ന് രാവിലെ 9 മണിക്കാണ് യാത്ര പുറപ്പെടുന്നത്. തുടർച്ചയായി ഭീകരാക്രമണങ്ങൾ ഉണ്ടാവുന്ന മേഖലയിലൂടെയാണ് ഇന്നത്തെ രാഹുൽ ഗാന്ധിയുടെ യാത്ര.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെയുണ്ടായ സുരക്ഷാ വീഴ്ചയിൽ ജമ്മുകശ്മീർ പൊലീസിനും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെയും ഒപ്പമുള്ളവരുടേയും സുരക്ഷ ഉറപ്പാക്കാത്തതുകൊണ്ടാണ് ജോഡോ യാത്ര താത്ക്കാലികമായി പിൻവലിക്കേണ്ടി വന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തിയിരുന്നു. സുരക്ഷാ ചുമതലയിലുള്ള സിആർപിഎഫ് ഉദ്യോഗസ്ഥർ പിന്മാറിയ പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തി വച്ചിരുന്ന ഭാരത് ജോഡോ യാത്രയാണ് ഇന്ന് പുനരാരംഭിക്കുന്നത്.
രാവിലെ ജമ്മുവിൽ നിന്ന് യാത്ര തുടങ്ങി ബനിഹാൽ ടവറിൽ വച്ച് സുരക്ഷ പിൻവലിച്ചെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. സുരക്ഷ നൽകുന്നുണ്ടെന്നും സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന പരാതിയാണ് തങ്ങൾ കോൺഗ്രസിനെ അറിയിച്ചതെന്നുമാണ് സിആർപിഎഫിന്റെ വിശദീകരണം. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന പൊലീസ് പെട്ടെന്ന് അപ്രത്യക്ഷമാവുകയായിരുന്നുവെന്നും കൂട്ടമായെത്തിയ ജനത്തെ നിയന്ത്രിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് ജോഡോ യാത്ര നിർത്താൻ തീരുമാനിച്ചതെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു.