ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകളുടെ സിലബസില്‍ ഭഗവദ്ഗീതയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഗുജറാത്ത് സര്‍ക്കാര്‍. പാരമ്പര്യത്തില്‍ അഭിമാനം വളര്‍ത്താനും പൈതൃകവുമായുള്ള ബന്ധം മുറിയാതിരിക്കാനുമാണ് ഗീത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ മനസിലാക്കിയിരിക്കേണ്ടത് അവരുടെ ബുദ്ധി വികാസത്തിന് പരമ പ്രധാനമാണെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
വിദ്യാര്‍ത്ഥികള്‍ക്ക് വായിച്ച് മനസിലാക്കാന്‍ താല്‍പ്പര്യമുണരുന്ന വിധത്തില്‍ രസകരമായാണ് ഗീതയുടെ ഭാഗങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി ജിതു വഘാനി പറഞ്ഞു. ഭഗവദ്ഗീതയുടെ പ്രസക്തിയും പ്രാധാന്യവും ഓരോ വിദ്യാര്‍ത്ഥിയേയും മനസിലാക്കേണ്ടതുണ്ട്. ഉപന്യാസങ്ങളുടേയും ശ്ലോകങ്ങളുടേയും ക്വിസുകളുടേയും മറ്റും രൂപത്തില്‍ ഗീതയെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ സമഗ്രമായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി ഭഗവദ്ഗീത കഥകളുടെ രൂപത്തില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ ഒന്‍പതാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി വിശദമായ വ്യാഖ്യാനങ്ങള്‍ക്കൊപ്പമാണ് ഗീത അവതരിപ്പിക്കുന്നത്.
ഭഗവദ് ഗീത സിലബസില്‍ ഉള്‍പ്പെടുത്താനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ നീക്കങ്ങളെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും സ്വാഗതം ചെയ്തിട്ടുണ്ട്. ഭഗവദ്ഗീതയെ സിലബസില്‍ ഉള്‍പ്പെടുത്താനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ നീക്കം സ്വാഗതാര്‍ഹമാണ്. അതോടൊപ്പം തന്നെ സര്‍ക്കാരും ഗീതയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.