National

ബെംഗളൂരുവിലെ വ്യവസായി സ്വയം വെടിവെച്ച് മരിച്ചു; ആത്മഹത്യാ കുറിപ്പിൽ ബിജെപി എംഎൽഎയുടെ പേര്

ബെംഗളൂരുവിൽ വ്യവസായി സ്വയം വെടിവെച്ചു മരിച്ചു. പ്രദീപ് എസ് (47) നെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ബിജെപി എംഎൽഎയുൾപ്പെടെ അഞ്ച് പേർ തന്നെ ചതിച്ചതിൽ വിഷമിച്ചാണ് താൻ ജീവനൊടുക്കുന്നു എന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. എട്ട് പേജുള്ള ആത്മഹത്യ കുറിപ്പിൽ ചിലരുടെ പേരും ഫോൺ നമ്പറുകളും പരാമർശിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇതിൽ ബിജെപി എംഎൽഎ അരവിന്ദ് ലിംബാവലിയുടെ പേരുമുണ്ട്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കാറിൽ വെടി വെച്ചു മരിച്ച നിലയിൽ പ്രദീപിനെ കണ്ടെത്തിയത്. ലിംബാവലിക്ക് പുറമെ ഗോപി കെ, സോമയ്യ, ജി രമേശ് റെഡ്ഡി, ജയറാം റെഡ്ഡി, രാഘവ ഭട്ട് എന്നിവരുടെ പേരുകളാണ് പ്രദീപ് ആത്മഹത്യ കുറിപ്പിൽ പരാമർശിക്കുന്നത്.

ഇയാൾ 2018ൽ ബംഗളൂരുവിലെ ഒരു ക്ലബ്ബിൽ 1.2 കോടി രൂപ നിക്ഷേപിച്ചിരുന്നു. ക്ലബ്ബിൽ ജോലി ചെയ്യുന്നതിന്റെ ശമ്പളം ഉൾപ്പടെ ഓരോ മാസവും മൂന്നു ലക്ഷം രൂപ തിരികെ നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പണം ഒന്നും ലഭിച്ചില്ല.താൻ പറ്റിക്കപ്പെട്ടെന്ന് മനസിലായതോടെ പ്രദീപ് ബിജെപി എംഎൽഎ അരവിന്ദ് ലിംബാവലിയെ സമീപിക്കുകയായിരുന്നു.

എന്നാൽ എംഎൽഎ മറ്റുള്ളവരെ പിന്തുണച്ച് സംസാരിച്ചുവെന്നാണ് പ്രദീപിന്റെ ആത്മഹത്യ കുറിപ്പിൽ ആരോപിക്കുന്നത്. പണം തിരിച്ച് ലഭിക്കാത്തതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായതാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പൊലീസ് വ്യക്തമാക്കി.