National

ബംഗാൾ സിപിഐഎമ്മിലും തലമുറമാറ്റം; സംസ്ഥാന സെക്രട്ടറിയായി മുഹമ്മദ് സലിം

ബംഗാൾ സിപിഐഎമ്മിലും തലമുറമാറ്റം. പോളിറ്റ് ബ്യുറോ അംഗം മുഹമ്മദ് സലീമിനെ പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. 79 അംഗ സംസ്ഥാന സമിതിയിൽ വനിതകൾക്കും പുതുമുഖങ്ങൾക്കുമാണ് പ്രാമുഖ്യം.

ഇടതു രാഷ്ട്രീയം കടുത്ത വെല്ലുവിളി നേരിടുന്ന പശ്ചിമ ബംഗാളിൽ, സംസ്ഥാന സമ്മേളനത്തിൽ മുഖം മിനുക്കി യുവത്വം കൈവരിക്കുകയാണ് സിപിഐഎം. സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ശ്രീദീപ് ഭട്ടാചര്യയുടെ പേരും പരിഗണിക്കപ്പെട്ടിരുന്നെങ്കിലും, ജനപിന്തുണ കൂടി പരിഗണിച്ച് മുഹമ്മദ് സലീമിനെ ഐകകണ്‌ഠേന തെരഞ്ഞെടുക്കുകയായായിരുന്നു. 1964ന് ശേഷം ആദ്യമായാണ് ബംഗാളിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള നേതാവ് സംസ്ഥാ സെക്രട്ടറിയാകുന്നത്.

സുർജകാന്ത മിശ്രയുടെ പിൻഗാമിയായാണ് മുഹമ്മദ് സലിം ബംഗാളിലെ പാർട്ടിയുടെ അമരത്തെത്തുന്നത്. ലോക്‌സഭാ, രാജ്യസഭാ അംഗമായിരുന്ന മുഹമ്മദ് സലിം ബംഗാൾ ന്യൂനപക്ഷ വികസന, സാങ്കേതിക വിദ്യാഭ്യാസമന്ത്രിയായിരുന്നു. പതിറ്റാണ്ടുകളായി ബംഗാൾ സിപിഐഎമ്മിന്റെ മുഖമായ, ബിമൻ ബോസ്, സുർജ്യ കന്ത് മിശ്ര തുടങ്ങിയ നേതാക്കൾ സംസ്ഥാന കമ്മറ്റിയിൽ നിന്നും ഒഴിഞ്ഞു. ഇരുവരും ഒഴിയാൻ സ്വയം സന്നദ്ധത അറിയിക്കുകയായായിരുന്നു.

കൊൽക്കത്തയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ തെരഞ്ഞെടുത്ത 79 അംഗ സംസ്ഥാന സമിതിയിൽ 15 വനിതകളും 14 പേർ പുതു മുഖങ്ങളുമാണ്. എസ്എഫ്‌ഐ ദേശീയ സെക്രട്ടറി മയൂഖ് ബിശ്വാസ്, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി മിനാക്ഷി ഭട്ടാചര്യ തുടങ്ങിയവർ സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുത്തവരിൽ ഉൾപ്പെടുന്നു.