National

സ്കൂള്‍ മുറ്റത്ത് ബംജ്‍രംഗ് ദള്‍ ആയുധ പരിശീലനം നടത്തിയതായി പരാതി

സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തിയ ബജ്‍രംഗ് ദൾ ക്യാമ്പിൽ ആയുധ പരിശീലനം നടത്തിയതായി പരാതി. മുംബെെ മിരാ റോഡിലെ സ്കൂളിൽ നടത്തിയ ബജ്‍‍രംഗ് ദൾ ക്യാമ്പിലാണ് തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങളുപയോഗിച്ച് പരിശീലനം നൽകിയതെന്ന് ഡി.വെെ.എഫ്.ഐയെ ഉദ്ധരിച്ച് എൻ.ഡി.ടി.വിറിപ്പോർട്ട് ചെയ്തു.

മെയ് 25 മുതൽ ഒരാഴ്ച്ച നീണ്ടു നിന്ന ക്യാമ്പിലാണ് ആയുധ പരിശീലനം നൽകിയത്. ബി.ജെ.പി നേതാവ് നരേന്ദ്ര മേത്തയുടെ കീഴിലുള്ള സ്ഥലത്താണ് സംഘം ക്യാമ്പ് സംഘടിപ്പിച്ചത്. പ്രദേശത്തെ യുവാക്കളെ പങ്കെടുപ്പിച്ച് നടത്തിയ ക്യാമ്പിൽ ഒരു പ്രത്യേക വിഭാഗത്തിനെതിരെ വിദ്വേഷകരമായ രീതിയിലുള്ള പ്രചരണങ്ങൾ ക്യാമ്പിൽ നടക്കുന്നതായി ഡിഫി വക്താവ് ചിത്ര സഹിതം എൻ.ഡി.ടി.വിയോട് പറഞ്ഞു.

എന്നാൽ പ്രദേശത്ത് സ്ഥിരമായി നടന്ന് വരുന്ന ക്യാമ്പ് മാത്രമായിരുന്നു അതെന്നും, കായികാഭ്യാസങ്ങളും യോഗയുമായിരുന്ന അതിൽ പരിശീലിപ്പിച്ചിരുന്നതെന്നും ബജ്‍രംഗ് ദള്‍ വക്താവ് സന്ദീപ് ഭഗത് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ വർഷം ആയുധ പരിശീലന ക്യാമ്പ് നടത്തിയതിന്റെ പേരിൽ അയോധ്യ ബജ്‍രംഗ് ദൾ തലവൻ മഹേഷ് മിശ്രക്കെതിരെ പൊലീസ് കേസ് രജിസ്‍റ്റർ ചെയ്തിരുന്നു. ക്യാമ്പില്‍ തൊപ്പി വെച്ച വളണ്ടിയര്‍മാർക്ക് നേരെ വെടിവെക്കാൻ പരിശീലിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെയായിരുന്നു മഹേഷ് മിശ്രക്കെതിരെ നടപടിയെടുത്തത്.

നേരത്തെ, കുപ്രസിദ്ധമായ ബുലന്ദ്ശഹർ കലാപത്തിന്റെ പേരിൽ ബജ്‍രംഗ് ദൾ നേതാവ് യോഗേഷ് രാജ് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ബുലന്ദ്ശഹർ കലാപത്തെ തുടർന്ന് നടന്ന മകര സംക്രാന്തി, റിപബ്ലിക് ദിനാശസ അറിയിച്ചുള്ള ദൾ ഫ്ലക്സുകളിൽ യോഗേഷ് രാജിന്റെ ചിത്രം ചേർത്തതും പിന്നീട് വാർത്തയായിരുന്നു.