National

പൗരത്വ ഭേദഗതി ബില്ലിനെതിരെ നിരാഹാര സമരത്തിന് ഇറങ്ങുന്നത് എ.എം.യുവിലെ 25,000 പേര്‍

ലോക്‌സഭയിൽ പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിനെതിരെയും രാജ്യത്തൊട്ടാകെ എൻ‌.ആർ.‌സി നടപ്പാക്കുന്നതിനെതിരെയും വന്‍ പ്രക്ഷോഭത്തിനൊരുങ്ങി അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി (എ.എം.യു) യിലെ വിദ്യാര്‍ഥികള്‍. ചൊവ്വാഴ്ച സര്‍വകലാശാല കാമ്പസിൽ പ്രതിഷേധം സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ ഇന്ന് മുതല്‍ പ്രതിഷേധം കടുപ്പിക്കാനാണ് ഒരുങ്ങുന്നത്.

“ഞങ്ങൾ എ‌.എം‌.യു അധ്യാപക അസോസിയേഷൻ (എ.എം.യു.ടി.എ) പ്രതിനിധികളുമായി സംസാരിച്ചു, അവർ വൈസ് ചാൻസലറുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി പരീക്ഷകളും ക്ലാസുകളും പോലുള്ള എല്ലാ അക്കാദമിക് പ്രവർത്തനങ്ങളും ബുധനാഴ്ച മുതൽ ബഹിഷ്‌കരിക്കാനാണ് തീരുമാനം.” ബാച്ചിലർ ഓഫ് എന്‍ജിനീയറിങ് അവസാന വർഷ വിദ്യാർഥിയായ മുഹമ്മദ് തസ്നീം റാസ പറഞ്ഞു. എന്നാല്‍ ക്ലാസുകളും പരീക്ഷകളും നേരത്തെ നിശ്ചയിച്ചതു പോലെ നടക്കുമെന്ന് എ.എം.യു പി.ആര്‍ പ്രതിനിധി ഷാവ് കിദ്‍വായ് വ്യക്തമാക്കി. ഇതേസമയം, വരും ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന് സ്റ്റുഡന്റ്സ് യൂണിയൻ മുൻ വൈസ് പ്രസിഡന്റ് ഹംസ സുഫ്യാൻ പറഞ്ഞു. “ക്ലാസുകളും പരീക്ഷകളും ബഹിഷ്കരിക്കുന്നത് സംബന്ധിച്ച് ഞങ്ങൾ അധ്യാപക അസോസിയേഷന്‍ അംഗങ്ങളോട് സംസാരിച്ചിട്ടുണ്ടെന്നും സുഫ്യാന്‍ അറിയിച്ചു. “ഞങ്ങൾ പ്രതിഷേധം തുടരും. ഇത് ഒരു തുടക്കം മാത്രമാണ്. എ‌.എം‌.യുവിലെ ഓരോ വിദ്യാർഥിയും പൗരത്വ ഭേദഗതി ബില്ലിനും എൻ‌.ആർ.‌സിക്കും എതിരാണ്,” സുഫ്യാൻ കൂട്ടിച്ചേർത്തു.

പ്രതിഷേധത്തിൽ ഞങ്ങളോടൊപ്പം ചേരാൻ ആവശ്യപ്പെട്ട് വിസി താരിഖ് മൻസൂർ ഉൾപ്പെടെ എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും നോട്ടീസ് നൽകും. പ്രതിഷേധത്തില്‍ അണിചേര്‍ന്നില്ലെങ്കില്‍, അവര്‍ പൗരത്വ ഭേദഗതി ബില്ലിനെയും എന്‍.ആര്‍.സിയെയും പിന്തുണയ്ക്കുന്ന ആളുകളിൽ ഉൾപ്പെടുന്നവരാണെന്ന തരത്തില്‍ പരിഗണിക്കുമെന്നും വിദ്യാര്‍ഥി ഷാർജീൽ ഉസ്മാനി പറഞ്ഞു. “ഞങ്ങൾ ബില്ലിനെതിരെ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും ഉസ്മാനി കൂട്ടിച്ചേര്‍ത്തു. എ.എം.യുവിലെ 25,000 വിദ്യാര്‍ഥികള്‍ സമരത്തില്‍ പങ്കെടുക്കുമെന്നും സംഘാടകരിലൊരാളായ മക്തൂബ് പറഞ്ഞു.