National

മനീഷ് സിസോദിയയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി


ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മനീഷ് സിസോദിയയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മറ്റ് പ്രതികളുടേത് ഉള്‍പ്പെടെ 52.24 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സിസോദിയയുടേത് കൂടാതെ അമന്‍ദീപ് സിംഗ് ദാള്‍, രാജേഷ് ജോഷി, ഗൗതം മല്‍ഹോത്ര, എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. മനീഷ് സിസോദിയയുടേയും ഭാര്യ സീമയുടേയും പേരിലുള്ള രണ്ട് വസ്തുവകളും ബാങ്ക് അക്കൗണ്ടിലുള്ള 11 ലക്ഷം രൂപയുമാണ് കണ്ടുകെട്ടിയത്.

സിസോദിയയട് വളരെ അടുപ്പം സൂക്ഷിച്ചിരുന്ന ദിനേഷ് അറോറ എന്ന ബിസിനസുകാരനെ അറസ്റ്റ് ചെയ്ത് ഒരു ദിവസത്തിന് പിന്നാലെയാണ് ഇ ഡിയുടെ നടപടി. കഴിഞ്ഞ ദിവസമാണ് ഇ ഡി കേസില്‍ സിസോദിയയുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയത്. സിസോദിയയ്ക്ക് നിലവില്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്ന് ഹര്‍ജിയില്‍ വിധി പറയവെ ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു.

മനീഷ് സിസോദിയ വളരെ സ്വാധീനമുള്ള വ്യക്തിയാണ്. ജാമ്യത്തില്‍ പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ സ്വാധീനിക്കമെന്നും ചൂണ്ടിക്കാട്ടിയാണ് സിസോദിയയുടെ ജാമ്യാപേക്ഷയെ ഇഡി എതിര്‍ത്തത്. ഇതേ കേസില്‍ സിസോദിയയ്ക്കൊപ്പം ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ മീഡിയ ഇന്‍ ചാര്‍ജ് വിജയ് നായര്‍, ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായ സംരംഭകരായ അഭിഷേക് ബോയ്‌നാപ്പള്ളി, ബിനയ് ബാബു എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.