National

അൽ ഖ്വയ്ദ ബന്ധം ആരോപിച്ച് അസമിൽ മദ്രസ പൊളിച്ചുനീക്കി; വിഡിയോ

തീവ്രവാദ സംഘടനയായ അൽ ഖ്വയ്ദയുമായി ബന്ധം ആരോപിച്ച് അസമിലെ ബോൺഗൈഗാവോനിലുള്ള മദ്രസ പൊളിച്ചുനീക്കി. ബംഗ്ലാദേശിലെ ഒരു തീവ്രവാദ സംഘടനയുമായി ബന്ധമുള്ള അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മദ്രസ പൊളിച്ചുനീക്കിയത്. അറസ്റ്റിലായവർക്ക് മദ്രസയുമായി ബന്ധമുള്ളതായി പൊലീസ് പറയുന്നു. ഭീകരവാദ ബന്ധം ആരോപിച്ച് അസമിൽ പൊളിക്കപ്പെടുന്ന മൂന്നാമത്തെ മദ്രസയാണ് ഇത്.

ഓഗസ്റ്റ് 26ന് അറസ്റ്റിലായ ഹഫീസുർ റഹ്മാൻ മദ്രസയിലെ അധ്യാപകനാണെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഓഗസ്റ്റ് 21ന് അറസ്റ്റിലായ രണ്ട് ഇമാമുമാരാണ് ഹഫീസുർ റഹ്മാനെപ്പറ്റി വിവരം നൽകിയത്. മദ്രസയിലെ 200ലധികം വിദ്യാർത്ഥികളെ ഒഴിപ്പിച്ച് വീടുകളിലേക്കോ സമീപത്തുള്ള മറ്റ് മദ്രസകളിലേക്കോ മാറ്റി.

അതേസമയം, മദ്രസാ കെട്ടിടം നിർമിച്ചിരിക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നും പൊലീസ് പറയുന്നു. അതിനാൽ ദുരന്തനിവാരണ സേനയാണ് കെട്ടിടം പൊളിക്കാൻ നിർദ്ദേശം നൽകിയതെന്നും പൊലീസ് അറിയിച്ചു.

ഇക്കൊല്ലം മാർച്ച് മുതൽ തീവ്രവാദ ബന്ധമെന്ന് സംശയിക്കപ്പെടുന്ന 40 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒരു ബംഗ്ലാദേശ് പൗരനും ഉൾപ്പെടും. മദ്രസകൾ തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമാണെന്ന് പൊലീസ് പറയുന്നു.