National

അസമിലെ പ്രളയം ബാധിച്ചത് 55 ലക്ഷത്തിലധികം പേരെ; മരണം 89

അസമിലെ പ്രളയം ബാധിച്ചത് 55 ലക്ഷത്തിലധികം പേരെ. പ്രളയത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 89 ആയി. 15000 ത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ബ്രഹ്മപുത്ര, ബരാക്ക് നദികളിൽ ജലനിരപ്പ് ഉയരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെനാല് യൂണിറ്റുകളെയും ഉദ്യോഗസ്ഥരെയും ബരാക് താഴ്‌വരയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിയാനി വിന്യസിച്ചിട്ടുണ്ട്.

ബ്രഹ്മപുത്ര, കോപിലി, ബേക്കി, പഗ്ലാഡിയ, പുത്തിമാരി എന്നീ അഞ്ച് നദികളിലെ വെള്ളം പലയിടത്തും അപകടമാം വിധമാണ് ഒഴുകുന്നത്. 4462 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായെന്നാണ് റവന്യൂ വകുപ്പിൻ്റെ പ്രാഥമിക വിലയിരുത്തൽ. മനുഷ്യ‍ർക്കൊപ്പം തന്നെ മൃഗങ്ങളും പ്രളയത്തിൽ വലയുകയാണ്. കസിറങ്കാ നാഷണൽ പാർക്കിൽ ഒരു പുലിയുൾപ്പടെ 5 മൃഗങ്ങൾ പ്രളയത്തിൽ ചത്തു. അസമിൻ്റെ അയൽസംസ്ഥാനങ്ങളായ മേഘാലയ, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി.

ആരോഗ്യ വകുപ്പിന്‍റെ സ്റ്റാറ്റിക് ടീമുകളെ സജ്ജമായി നിലനിർത്താനും പ്രളയബാധിതർക്കായി സജ്ജീകരിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ ഡോക്ടർമാരുടെ ദൈനംദിന സന്ദർശനം ഉറപ്പാക്കാനും അസം മുഖ്യമന്ത്രി ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുന്നതിന് ആംബുലൻസുകൾ സജ്ജമായി വയ്ക്കാനും നിര്‍ദ്ദേശമുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ച് അസമിലെ വെള്ളപ്പൊക്ക സാഹചര്യം ചർച്ച ചെയ്തിരുന്നു.