National

‘അമിത് ഷാ ഉപയോ​ഗിക്കുന്നത് 2.5 ലക്ഷത്തിന്റെ സൺ​ഗ്ലാസുകൾ,മഫ്ലറിന് 80,000 രൂപ’; അശോക് ​ഗെഹ്ലോട്ട്

ബിജെപി എന്തിനാണ് ഭാരത് ജോഡോ യാത്രയെപ്പറ്റി ആശങ്കപ്പെടുന്നതെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ​ഗെഹ്ലോട്ട്. രാഹുൽ ​ഗാന്ധിയുടെ ടീ ഷർട്ടിന്റെ വിലയെ ചൊല്ലിയുളള തർക്കത്തിനിടെയാണ് ബിജെപിയെ വിമർശിച്ച് അശോക് ​ഗെഹ്ലോട്ട് രംഗത്തെത്തിയത്.

ഭാരത് ജോഡോ യാത്രക്ക് ലഭിക്കുന്ന വൻ ജനപിന്തുണയിൽ ആശങ്കയിലാണ് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇപ്പോൾ ജോലി ഉപേക്ഷിച്ച് രാഹുലിനെ ആക്രമിക്കുകയാണെന്നും ​ഗെഹ്ലോട്ട് വിമർശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉപയോ​ഗിക്കുന്ന മഫ്ലറിന് 80,000 രൂപയാണ് വില. 2.5 ലക്ഷം വിലയുളള സൺ​ഗ്ലാസുകളാണ് ബിജെപി നേതാക്കൾ ഉപയോ​ഗിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി ടീ ഷർട്ടിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും അശോക് ​ഗെഹ്ലോട്ട് വിമർശിച്ചു.

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ​ഗാന്ധി ധരിച്ചിരിക്കുന്ന ടീ ഷർട്ടിന് 41,000 രൂപയാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ രാഹുൽ ​ഗാന്ധി ടീ ഷർട്ട് ധിരിച്ചിരിക്കുന്ന ഫോട്ടോയും അതിന് സമാനമായ ടീ ഷർട്ടിന്റെ വില ഉൾപ്പെടുന്ന ചിത്രവും പങ്കുവച്ചായിരുന്നു ബിജെപിയുടെ വിമർശനം. രാഹുൽ ധരിക്കുന്നത് വിദേശ നിർമ്മിത ടീ ഷർട്ട് ആണെന്ന് അമിത് ഷായും ആരോപിച്ചിരുന്നു.