National

“നിങ്ങളെന്നെ രാജ്യാന്തര മയക്കുമരുന്ന് മാഫിയ ആക്കിയില്ലേ?”; ആര്യൻ ഖാന്റെ ചോദ്യം വെളിപ്പെടുത്തി അന്വേഷണോദ്യോഗസ്ഥൻ

ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെ ചോദ്യം ചെയ്ത സന്ദർഭം വെളിപ്പെടുത്തി എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് സിംഗ്. നിങ്ങളെന്നെ രാജ്യാന്തര മയക്കുമരുന്ന് മാഫിയ ആക്കിയില്ലേ? എന്ന് ആര്യൻ ഖാൻ ചോദിച്ചതായി അദ്ദേഹം ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

“സർ, നിങ്ങളെന്നെ രാജ്യാന്തര മയക്കുമരുന്ന് മാഫിയ ആക്കിയില്ലേ? ഞാൻ മയക്കുമരുന്ന് കടത്തിന് പണം ഇറക്കുന്നുണ്ടെന്ന് നിങ്ങൾ പറഞ്ഞു. ഈ കേസുകളൊക്കെ അസംബന്ധമാണ്. എന്നിൽ നിന്ന് മയക്കുമരുന്നൊന്നും കണ്ടെത്തിയില്ല. എന്നെ അറസ്റ്റും ചെയ്തില്ല. നിങ്ങൾ എന്നോട് ചെയ്തത് വലിയ തെറ്റാണ്. അതെൻ്റെ സല്പേരിനെ ബാധിച്ചു. ഞാനെന്തിനാണ് ആഴ്ചകളോളം ജയിലിൽ കിടന്നത്. ശരിക്കും ഞാനത് അർഹിച്ചിരുന്നോ?”- ആര്യൻ ഖാൻ ചോദിച്ചതായി സഞ്ജയ് സിംഗ് പറഞ്ഞു.

ആര്യൻ ഖാനുമായി ബന്ധപ്പെട്ട കേസിൽ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ മുംബൈ സോണൽ മുൻ ഡയറക്ടർ സമീർ വാങ്കഡെയ്ക്ക് സ്ഥലംമാറ്റം കൊടുത്തിരുന്നു. മയക്കുമരുന്ന് പരിശോധനയിൽ വീഴ്ച വരുത്തിയെന്ന് കാരണം കാട്ടിയാണ് സ്ഥലം മാറ്റിയത്. വാങ്കഡെയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്രസർക്കാർ ശുപാർശ ചെയ്തിരുന്നു. ചെന്നൈയിലേക്കാണ് സ്ഥലം മാറ്റിയത്.

ആര്യൻ ഖാൻ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളിൽപ്പെട്ട ഉദ്യോഗസ്ഥനാണ് സമീർ വാങ്കഡെ. ആര്യൻ ഖാനെ കസ്റ്റഡിയിലെടുത്തയുടൻ വൈദ്യ പരിശോധന നടത്തിയില്ലെന്നതുൾപ്പെടെ വാങ്കഡെയുടെ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. വിഡിയോ ചിത്രീകരിക്കാതെയാണ് റെയിഡ് നടത്തിയതെന്നായിരുന്നു ആര്യൻ ഖാൻ കേസിൽ വാങ്കഡെയ്‌ക്കെതിരായ മറ്റൊരു ആരോപണം.

ഷാരൂഖ് ഖാനിൽ നിന്നും പണം തട്ടാൻ അന്നത്തെ സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ പദ്ധതിയിട്ടിരുന്നെന്ന് സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. ഇത് വിവാദമായതോടെയാണ് അന്വേഷണം എൻസിബിയുടെ പ്രത്യേകസംഘം ഏറ്റെടുത്തത്.

ആര്യൻ ഖാൻ ഉൾപ്പെടെ ആറു പേർക്കെതിരെ തെളിവില്ലെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കോടതിയിൽ സമർപ്പിച്ച 6000 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. 14 പ്രതികളുള്ള കേസിൽ ആര്യൻ അടക്കം 6 പേരെ തെളിവുകളുടെ അഭാവത്തിൽ കേസിൽ നിന്ന് ഒഴിവാക്കി.