National

പൂഞ്ചിൽ 3 ഭീകരർ പിടിയിൽ; ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടൽ. ആയുധങ്ങളും മയക്കുമരുന്നുമായി എത്തിയ മൂന്ന് ഭീകരരെ സൈന്യം പിടികൂടി. ഗുൽപൂർ സെക്ടറിലെ ഫോർവേഡ് കർമാര ഗ്രാമത്തിൽ പുലർച്ചെയുണ്ടായ വെടിവയ്പിൽ ഒരു സൈനികന് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.

ജില്ലയിലെ കർമ്മദ മേഖലയിൽ നിയന്ത്രണ രേഖയിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ നടക്കുന്നതായി കണ്ടാണ് സൈന്യം വെടിയുതിർത്തത്. പിന്നാലെ പ്രദേശം വളഞ്ഞ സൈന്യം മൂന്ന് ഭീകരരെ പിടികൂടി. മുഹമ്മദ് ഫാറൂഖ് (26), മുഹമ്മദ് റിയാസ് (23), മുഹമ്മദ് സുബൈർ (22) എന്നിവരാണ് അറസ്റ്റിലായ ഭീകരർ. ഇവരിൽ നിന്ന് ഒരു എകെ റൈഫിൾ, രണ്ട് പിസ്റ്റളുകൾ, ആറ് ഗ്രനേഡുകൾ, ഐഇഡി, ഹെറോയിൻ എന്ന് സംശയിക്കുന്ന 20 പാക്കറ്റുകൾ എന്നിവ കണ്ടെടുത്തു.

പിടികൂടിയ മൂന്ന് ഭീകരരിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഫാറൂഖിന്റെ കാലിലാണ് വെടിയേറ്റതെന്ന് സൈന്യം അറിയിച്ചു. ഓപ്പറേഷനിൽ ഒരു സൈനികനും പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്.