National

ആശ്രിത നിയമനം അവകാശമല്ല, ആനുകൂല്യം മാത്രം: സുപ്രിംകോടതി

ആശ്രിത നിയമനം അവകാശമല്ലെന്ന് സുപ്രിംകോടതി. ആശ്രിത നിയമനത്തെ അവകാശമായി കരുതേണ്ടതില്ലെന്നും കേവലം ആനുകൂല്യമാണെന്നും സുപ്രിംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ എംആര്‍ ഷാ, കൃഷ്ണ മുരാരി എന്നിവരുടെ ബഞ്ചിന്റേതാണ് ഉത്തരവ്. ഫെര്‍ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ (ഫാക്ട്) എന്ന സ്ഥാപനത്തില്‍ ആശ്രിതനിമനം നല്‍കണമെന്ന കേരളത്തില്‍ നിന്നുള്ള യുവതിയുടെ ആവശ്യം സുപ്രിംകോടതി തള്ളി.

പിതാവ് സര്‍വീസിലിരിക്കെയാണ് മരിച്ചതെന്നും അതിനാല്‍ ആശ്രിത നിയമനം ലഭിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. യുവതി അമ്മയോടൊപ്പമല്ല ഇപ്പോള്‍ താമസിക്കുന്നതെന്ന് മനസിലാക്കിയതിന്റെ കൂടി അടിസ്ഥാനത്തിലാണ് സുപ്രിംകോടതി അപ്പീല്‍ തള്ളിയത്. 1995ലാണ് യുവതിയുടെ പിതാവ് മരണപ്പെടുന്നത്. ആശ്രിത നിയമനത്തിനായുള്ള യുവതിയുടെ ഹര്‍ജി പരിഗണിക്കാന്‍ കമ്പനിയോട് നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഫാക്ട് സുപ്രിംകോടതിയെ സമീപിച്ചത്.

ഒരു വ്യക്തി മരണപ്പെടുമ്പോള്‍ അയാളെ ആശ്രയിച്ചുജീവിക്കുന്നവര്‍ക്ക് പിന്നീട് ഉപജീവനമാര്‍ഗമില്ലാത്ത ഘട്ടത്തിലാണ് ആനുകൂല്യമെന്ന നിലയില്‍ ആശ്രിത നിയമനം നല്‍കുന്നതെന്ന് സുപ്രിംകോടതി വ്യക്തമാക്കി. എന്നാല്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഇതിനെ ഒരു അവകാശമായി കണ്ട് നിയമനത്തിനായി വാദിക്കാനാകില്ലെന്നും സുപ്രിംകോടതി പറഞ്ഞു.