ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങിനെ പുകഴ്ത്തിയും യുപിഎ സർക്കാറിനെ ഇകഴ്ത്തിയും കേന്ദ്ര ധനസഹമന്ത്രി അനുരാഗ് ഠാക്കൂർ. മൻമോഹൻ സത്യസന്ധനായിരുന്നു എന്നും എന്നാൽ അദ്ദേഹത്തിന് കീഴിൽ യുപിഎ സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചെന്നും ഠാക്കൂർ ആരോപിച്ചു. രാജ്യസഭയിലായിരുന്നു ഠാക്കൂറിന്റെ പരാമർശങ്ങൾ.
‘ഡോ. സാഹബ് (മൻമോഹൻസിങ്) സത്യസന്ധനായിരുന്നു. എന്നാൽ യുപിഎ ഭരണകാലത്ത് എല്ലാ വകുപ്പിലും അഴിമതി നടന്നു. ഇന്ന്, മോദിയുടെ ഏഴു വർഷക്കാലത്തിനിടയിൽ ഏഴു പൈസയുടെ അഴിമതി പോലും നടന്നിട്ടില്ല. ഇതാണ് വിശ്വസ്ത സർക്കാർ’ – ബജറ്റ് ചർച്ചയിൽ പങ്കെടുക്കവെ ഠാക്കൂർ പറഞ്ഞു.
കർഷക സമരത്തിലെയും സ്വകാര്യവത്കരണത്തിലെയും പ്രതിപക്ഷ നിലപാടുകളെയും അദ്ദേഹം ചോദ്യം ചെയ്തു. എയർ ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണമാരാണ്? രാജ്യത്തെ ആറു വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനുള്ള ശ്രമം ആദ്യമായി ആരംഭിച്ചത് ആരാണ്? – ബിജെപി നേതാവ് ചോദിച്ചു.
മോദി സർക്കാർ രാജ്യത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ന് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമാതാക്കളായി ഇന്ത്യ മാറി. ഏഴു ടെക്സ്റ്റയിൽ പാർക്കുകളാണ് സർക്കാർ ആരംഭിച്ചത്- അദ്ദേഹം പറഞ്ഞു.