National

തമിഴ്നാട്ടിൽ ജാതി വിവേചനത്തിനെതിരെ പ്രതിജ്ഞ;
അംബേദ്കറുടെ ജന്മദിനാഘോഷം സമത്വ ദിനമായി ആചരിക്കും

ഡോ. ബി.ആര്‍ അംബേദ്കറുടെ ജന്മദിനമായ ഇന്ന് തമിഴ്നാട്ടിൽ ജാതി വിവേചനത്തിനെതിരെ പ്രതിജ്ഞയെടുക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് ജാതി വിവേചനത്തിനെതിരായ പ്രതിജ്ഞയെടുക്കുന്നത്. സമത്വം ഉയര്‍ത്തിപ്പിടിക്കുക, പിന്തുടരുക എന്നതാണ് പ്രതിജ്ഞയുടെ അന്തസത്ത. ഈ വര്‍ഷം മുതല്‍ അംബേദ്കറുടെ ജന്മദിനാഘോഷം സമത്വ ദിനമായി ആചരിക്കും. അംബേദ്കറുടെ അഭിപ്രായങ്ങള്‍ ഭാവിയിലേക്കുള്ള വഴിവിളക്കാണെന്നും അംദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത കൃതികള്‍ തമിഴില്‍ പ്രസിദ്ധീകരിക്കുമെന്നും സ്റ്റാലിൻ സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു.

അംബേദ്കര്‍ മണിമണ്ഡപത്തില്‍ അംബേദ്കറുടെ പൂര്‍ണകായ വെങ്കല പ്രതിമ സ്ഥാപിക്കും. അംബേദ്കറുടെ ജന്മദിനം സമത്വ ദിനമായി പ്രഖ്യാപിക്കണമെന്ന് ആദി ദ്രാവിഡര്‍, ആദിവാസി ക്ഷേമ വകുപ്പ് യോഗത്തില്‍ നിവേദനം നല്‍കിയിരുന്നു. അതുകൂടി കണക്കിലെടുത്താണ് സ്റ്റാലിന്റെ പ്രഖ്യാപനം.

സാമൂഹ്യനീതിയുടെ ലക്ഷ്യം സമത്വം കൈവരിക്കുകയാണെന്നും ഏത് നിവേദനത്തിലും ദ്രുതഗതിയിലുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. എല്ലാ തമിഴരുടെയും വളര്‍ച്ച ലക്ഷ്യമിട്ടാണ് സർക്കാർ പ്രവർത്തിക്കുന്നത്. സമത്വ ദിനത്തില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നിർബന്ധമായും ജാതി വിവേചനത്തിനെതിരെ പ്രതിജ്ഞ ചൊല്ലണമെന്ന നിർദേശമാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്.