അഗ്നിപഥ് പദ്ധതിക്കെതിരായ ഭാരത് ബന്ദ് ബീഹാറിൽ ശാന്തം. ബംഗാളിലും ഒഡീഷയിലും പ്രതിഷേധം ശക്തമാകുന്നു. ദാനപൂർ റെയിൽവേ സ്റ്റേഷൻ ആക്രമണത്തിൽ, കോച്ചിങ് സെന്റർ ഉടമ ഗുരു റഹ്മാനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. പദ്ധതിയിലൂടെ സ്വന്തം സായുധ കേഡർ അടിത്തറ ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
അഗ്നിപഥ് പദ്ധതിക്കെതിരെ അക്രമസക്തമായ പ്രതിഷേധങ്ങൾ നടന്ന ബീഹാറിൽ സ്ഥിതിഗതികൾ പൂർണ്ണമായും ശാന്തമായി എന്നാണ് പൊലീസിന്റെ റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഒരു അക്രമസംഭവം പോലും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും പൊലീസ് അറിയിച്ചു. സംസ്ഥാനത്ത് 900ൽ ഏറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു.161 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു.
ദാനപൂർ ട്രെയിൻ ആക്രമണത്തിൽ പട്നയിലെ കോച്ചിങ് സെന്റർ ഉടമ ഗുരു റഹ്മാന് വേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചു. ഇയാളുടെ വീട്ടിലും ഓഫീസിലും പൊലീസും ആദായ നികുതി വകുപ്പും റെയ്ഡ് നടത്തി. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഇയാൾ സന്ദേശങ്ങൾ അയച്ചിരുന്നു എന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അതേസമയം ബംഗാൾ, ഒഡീഷ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമായി.
പ്രതിപക്ഷ യുവജന വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ പ്രകടനങ്ങൾ ബംഗാളിലും ഒഡീഷയിലും നടന്നു. അഗ്നിപഥ് പദ്ധതിയിലൂടെ സ്വന്തം സായുധ കേഡർ അടിത്തറ ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മമത ബാനർജി ആരോപിച്ചു. യുവാക്കളുടെ കൈകളിൽ ആയുധം നൽകാനാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും നിയമസഭയിൽ മമത പറഞ്ഞു.
ബീഹാറിലെ അഗ്നിപഥ് വിരുദ്ധ പ്രക്ഷോഭങ്ങൾ ആർജെഡി ഏറ്റെടുക്കനൊരുങ്ങുകയാണ്. യുവാക്കളുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ, സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കുമെന്ന് ആർജെഡി പ്രിൻസിപ്പൽ ജനറൽ സെക്രട്ടറി അലോക് കുമാർ മേത്ത പറഞ്ഞു. സംസ്ഥാനത്ത് നടന്ന അക്രമങ്ങൾ ആസൂത്രിതമല്ലെന്നും അലോക് മേത്ത കൂട്ടിച്ചേർത്തു.
അതേസമയം, അഗ്നിപഥ് പദ്ധതിയിൽ രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടെ സൈനികമേധാവിമാർ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും. കര, നാവിക, വ്യോമസേനാ മേധാവിമാർ നരേന്ദ്രമോദിയുമായി വിഷയം സംബന്ധിച്ച് ചർച്ച നടത്തും. അഗ്നിപഥ് പദ്ധതി സംബന്ധിച്ച നിർദേശങ്ങൾ, ആശങ്കകൾ, മാറ്റങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ വിഷയമാകും.