National

ഓഹരികൾ വിൽക്കും; 3.5 ബില്യൺ ഡോളർ സമാഹരിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്‌

ഓഹരി വിൽപ്പനയിലൂടെ വൻ തുക സ്വരൂപിക്കാനൊരുങ്ങി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ്. ഇക്വിറ്റി ഓഹരി വിൽപ്പനയിലൂടെ മൂന്ന് ബില്യൺ ഡോളർ സമാഹരിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഓഹരി ഇൻസ്റ്റിറ്റിയൂഷണൽ നിക്ഷേപകർക്ക് കൈമാറും.

അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെയും ഇലക്‌ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനിയായ അദാനി ട്രാൻസ്മിഷൻ ലിമിറ്റഡിന്റെയും ബോർഡുകൾ ഓഹരി വിൽപ്പനയിലൂടെ 2.5 ബില്യൺ ഡോളറിലധികം ( ഏകദേശം 21000 കോടിയിലധികം) സമാഹരിക്കാൻ ഇതിനകം അം​ഗീകാരം തേടിയിട്ടുണ്ടെങ്കിലും ഓഹരി ഉടമകളുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തോടെ ഇടപാട് പൂർത്തിയാക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ധനസമാഹരണത്തിന് അനുമതി നൽകുന്നതിനായി അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ ബോർഡ് ജൂൺ ആദ്യവാരത്തിലോ രണ്ടാം വാരത്തിലോ യോഗം ചേർന്നേക്കും. യൂറോപ്പിലെയും മിഡിൽ ഈസ്റ്റിലെയും നിക്ഷേപകർ ഓഹരികൾ വാങ്ങുന്നതിൽ താൽപ്പര്യം പ്രകടിപ്പിച്ചുവെന്നാണ് റിപ്പോർട്ട്.

ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെയുള്ള വിവാദങ്ങളെ തുടർന്ന് അദാനി ഗ്രൂപ്പിന് എഫ്പിഒയിൽ നിന്ന് പിന്മാറേണ്ടിവന്നിരുന്നു.
ഇതിന് ശേഷമുള്ള കമ്പനിയുടെ ഏറ്റവും വലിയ തുകയായിരിക്കും അദാനി ഗ്രൂപ്പ് സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. സമാഹരിക്കുന്ന തുക ഗ്രൂപ്പിന്റെ വിപുലീകരണ പദ്ധതികൾക്കായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.