ഗോവയിൽ ആദ്യമായി അക്കൗണ്ട് തുറന്ന് ആം ആദ്മി പാർട്ടി. സംസ്ഥാനത്ത് രണ്ട് സീറ്റുകളാണ് ആംആദ്മി നേടിയത്. ബെനോലിയം, വെലീം എന്നീ മണ്ഡലങ്ങളാണ് ആംആദ്മി വെട്ടിപ്പിടിച്ചത്. ആംആദ്മി നേതാവ് വിന്‍സേ വീഗസും ക്രൂസ് സില്‍വയുമാണ് ഇവിടെ ജയിച്ചത്. 6087 വോട്ടുകളാണ് വിന്‍സേ വീഗസ് നേടിയത്. 5107 വോട്ടുകളാണ് ക്രൂസ് സില്‍വ നേടിയത്.
ഗോവയിൽ സത്യസന്ധമായ രാഷ്ട്രീയത്തിന്‍റെ തുടക്കമാണിതെന്ന് അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. 2013 ല്‍ ഡൽഹിയിൽ ഞെട്ടിക്കുന്ന വിജയം നേടിയ ആംആദ്മി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പഞ്ചാബിലും വിജയക്കൊടി പാറിച്ചത്. ഗോവയിലും രണ്ട് സീറ്റ് നേടിയതോടെ പാർട്ടിയുടെ പ്രസക്തിയും സാധ്യതയും വര്‍ധിക്കുകയാണ്.
ഭരണമികവുകൊണ്ടാണ് ഡൽഹിക്ക് പുറത്തേക്കും ആംആദ്‍മിക്ക് സീറ്റുകളുണ്ടായത്. അരവിന്ദ് കെജ്രിവാളിന്റെ മികച്ച നേതൃത്വമാണ് ആം ആദ്മി പാര്‍ട്ടിയുടെ കരുത്ത്. അഴിമതി രഹിത മുദ്രാവാക്യമുയര്‍ത്തിയാണ് പാർട്ടിയുടെ ജനനം. ഡൽഹിക്ക് പുറത്ത് എഎപി ഭരണം പിടിക്കുമ്പോൾ ദേശീയ രാഷ്ട്രീയത്തിൽ അരവിന്ദ് കെജ്രിവാള്‍ കൂടുതൽ ശക്തനാകുകയാണ്.