National

പാൻ കാർഡും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടണം; പ്രധാനമന്ത്രിയോട് കോൺഗ്രസ്

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്ന് കോൺഗ്രസ്. ആറ് മാസത്തേക്ക് സമയപരിധി നീട്ടണമെന്നും, 1000 രൂപ ഫീസ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് അധീർ രഞ്ജൻ ചൗധരി എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 31 ആണ്.

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അടുത്ത 6 മാസത്തേക്ക് നീട്ടണമെന്നും നടപടിക്രമം സൗജന്യമാക്കണമെന്നും അധീർ രഞ്ജൻ ചൗധരി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. മാർച്ച് 31 ആണ് ഇതിനുള്ള അവസാന തീയതി. കൂടാതെ 1000 രൂപ പിഴയും നിശ്ചയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനം കുറവാണെന്നും ഈ അവസരം മുതലെടുത്ത് ബ്രോക്കർമാർ ഗ്രാമീണരിൽ നിന്ന് പണം തട്ടുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് ഇതുകൂടി താങ്ങാൻ കഴിയില്ല, ഇത് സങ്കടകരമാണ്. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ ജനങ്ങളെ സഹായിക്കുന്നതിന് പ്രാദേശിക, സബ് പോസ്റ്റ് ഓഫീസുകളെ ശാക്തീകരിക്കുന്നതിനായി ധനമന്ത്രാലയത്തിനും റവന്യൂ വകുപ്പിനും ആറുമാസം കൂടി സമയം നൽകണമെന്ന് അഭ്യർത്ഥിക്കുന്നതായി അധീർ രഞ്ജൻ ചൗധരി കത്തിൽ പറയുന്നു.