National

കൊവിഡ് വ്യാപന ഭീഷണിക്കിടെ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

കൊവിഡ് വ്യാപന ഭീഷണിക്കിടെ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യത്തിനൊപ്പം വാക്‌സിന്‍ വിതരണവും പ്രധാനമന്ത്രി വിലയിരുത്തും. അതേസമയം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകണ്ടേതില്ലായെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

കൊവിഡ് കേസുകള്‍ വീണ്ടും സംസ്ഥാനങ്ങളില്‍ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. കേന്ദ്ര ആഭ്യന്തരമന്ത്രിയെ കൂടാതെ ആരോഗ്യമന്ത്രി, ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. നിലവിലെ കൊവിഡ് സാഹചര്യത്തിനൊപ്പം, വാക്‌സിന്‍ വിതരണത്തിന്റെ തല്‍സ്ഥിതി, സംസ്ഥാന ആരോഗ്യ സംവിധാനത്തിലെ മുന്നൊരുക്കങ്ങള്‍ എന്നിവ പ്രധാനമന്ത്രി വിലയിരുത്തും. കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെ ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ്, അടക്കമുള്ള സംസ്ഥാനങ്ങള്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ ഡിസിജിഐ അനുമതി നല്‍കിയ സാഹചര്യത്തില്‍ സംസ്ഥാനങ്ങളിലെ തയാറെടുപ്പുകളും യോഗത്തില്‍ ചര്‍ച്ചയാകും. വാക്‌സിനേഷന്‍ ആരംഭിക്കുന്ന തീയതി വൈകാതെ ആരോഗ്യമന്ത്രാലയം അറിയിക്കും. കൊവിഡ് വ്യാപനം നിലവില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 1024 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ടിപിആര്‍ 4.64 ശതമാനമായി.