National

91 കൊലപാതക കേസുകള്‍, നീണ്ട ജയില്‍വാസം; ‘ചീറ്റമിത്ര’യായി നിയോഗിക്കപ്പെട്ട് ഒരു കൊള്ളക്കാരന്‍

ഒരു കൊള്ളസംഘത്തിന്റെ പേരിലുള്ളത് 91 കൊലപാതക കേസുകള്‍….. സംഘത്തലവന്‍ കൊലപ്പെടുത്തിയത് 13 പേരെ…. നിരവധി പേരെ തട്ടിക്കൊണ്ടുപോയ കേസുകള്‍…. മധ്യപ്രദേശിലെ ദുര്‍ഘടമായ ചമ്പല്‍ മലയിടുക്കളില്‍ നിന്ന് നാടിനെ വിറപ്പിച്ച മനുഷ്യന്‍ ഇന്ന് സര്‍ക്കാരിന് കീഴിലുള്ള ദൗത്യത്തിന്റെ ഭാഗമാകുന്നു. നമീബിയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കുന്ന ചീറ്റപ്പുലികളെ കുറിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കുന്ന ദൗത്യത്തിനാണ് ഇനി ഈ കൊള്ളക്കാരന്‍ നേതൃത്വം നല്‍കുന്നത്.

13 പശുക്കടത്തുകാരെ കൊലപ്പെടുത്തിയ കൊള്ളക്കാരനായ രമേഷ് സിംഗ് സികര്‍വാര്‍ ആണ് ഈ താരം. 1984ലാണ് രമേഷ് സിംഗ് കീഴടങ്ങുന്നത്. ഇപ്പോള്‍ മധ്യപ്രദേശ് സര്‍ക്കാരിലെ വനംവകുപ്പ് ആണ്’ചീറ്റ മിത്ര’ ആയി രമേഷ് സിംഗ് സികര്‍വാറിനെ നിയോഗിച്ചിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവിധ കേസുകളിലായി എട്ട് വര്‍ഷം ജയില്‍ ശിക്ഷയനുഭവിച്ച രമേഷ് സിംഗ് സികര്‍വാര്‍ 13 പശുസംരക്ഷകരെ കൊന്നൊടുക്കിയ കേസിലെ പ്രതിയാണ്. 72കാരനായ ഇയാളുടെ കൊള്ളസംഘത്തിന്റെ പേരില്‍ 91 കൊലപാതക കേസുകളും നിരവധി തട്ടിക്കൊണ്ടുപോകല്‍ കേസുകളുമുണ്ട്.

മധ്യപ്രദേശ് മുഖ്യമന്ത്രി അര്‍ജുന്‍ സിംഗിന്റെ കാലത്താണ് രമേഷ് സിംഗും സംഘവും കീഴടങ്ങിയത്. തുടര്‍ന്ന് ഗാന്ധിയനും ആക്ടിവിസ്റ്റുമായ രാജഗോപാല്‍ പി വി യുടെ ഇടപെടലോടെ ഇയാളുടെ ജീവിതം മാറിമറിയുകയായിരുന്നു.

വംശനാശം സംഭവിച്ചതായുള്ള ഔദ്യോഗികമായി പ്രഖ്യാപനത്തിന് ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് രാജ്യത്തേക്ക് ചീറ്റകളെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനമായ സെപ്തംബര്‍ 17നാണ് ചീറ്റപ്പുലികളെ ഇന്ത്യയിലേക്കെത്തിക്കുന്നത്. നമീബയില്‍ നിന്നും മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലേക്കാണ് എട്ട് ചീറ്റപ്പുലികളെത്തുക. ചീറ്റകളെ സ്വീകരിക്കാനായി കുനോ ദേശീയോദ്യാനത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. നരേന്ദ്ര മോദിയാകും ചീറ്റകളെ ക്വാറന്റീനിലേക്ക് തുറന്നുവിടുക.