National

മോദിയുടെ ജന്മദിനത്തില്‍ രാജ്യത്തേക്ക് എട്ട് ചീറ്റപ്പുലികളെത്തുന്നു; കൊണ്ടുവരുന്നത് പ്രത്യേക വിമാനത്തില്‍

വംശനാശം സംഭവിച്ചതായുള്ള ഔദ്യോഗികമായി പ്രഖ്യാപനത്തിന് ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യത്തേക്ക് ചീറ്റകളെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനമായ സെപ്തംബര്‍ 17നാണ് ചീറ്റപ്പുലികളെ ഇന്ത്യയിലേക്കെത്തിക്കുന്നത്. നമീബയില്‍ നിന്നും മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലേക്കാണ് എട്ട് ചീറ്റപ്പുലികളെത്തുക. ചീറ്റകളെ സ്വീകരിക്കാനായി കുനോ ദേശീയോദ്യാനത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. നരേന്ദ്ര മോദിയാകും ചീറ്റകളെ ക്വാറന്റീനിലേക്ക് തുറന്നുവിടുക.

അമിത വേട്ടയാടല്‍, ആവാസവ്യവസ്ഥയുടെ നഷ്ടം മുതലായ കാരണങ്ങള്‍ മൂലമാണ് ചീറ്റപ്പുലികളുടെ വംശനാശം സംഭവിച്ചതെന്നാണ് പഠനങ്ങള്‍ പറയുന്നത്. 1992ലാണ് ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചതായി ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നത്. അഞ്ച് ആണ്‍ ചീറ്റകളേയും മൂന്ന് പെണ്‍ ചീറ്റകളേയുമാണ് ഇന്ത്യയിലേക്കെത്തിക്കുന്നത്. 30 ദിവസത്തെ ക്വാറന്റീനിന് ശേഷമാകും ചീറ്റകളെ 740 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള പ്രത്യേക ഭാഗത്തേക്ക് തുറന്നുവിടുക.

1970കള്‍ മുതല്‍ തന്നെ ചീറ്റകളെ വീണ്ടും രാജ്യത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ജൂലൈയില്‍ കേന്ദ്രസര്‍ക്കാരും നമീബയുമായി ഒപ്പുവച്ച ഒരു ഉടമ്പടിയാണ് എട്ട് ചീറ്റകളെ രാജ്യത്ത് എത്തിക്കാന്‍ വഴിയൊരുക്കിയത്.

ചീറ്റകളെ തിരിച്ചുകൊണ്ടുവരുന്നതിനായി അഞ്ച് വര്‍ഷ കാലാവധിയുള്ള വിശദമായ പദ്ധതികളാണ് തയാറാക്കിയിരിക്കുന്നത്. ഇതിനായി 91 കോടി രൂപയാണ് കേന്ദ്രം ചെലവിടുന്നത്. നമീബയില്‍ നിന്നും ചാര്‍ട്ടര്‍ ചെയ്ത പ്രത്യേക വിമാനത്തിലാണ് ചീറ്റകളെ കൊണ്ടുവരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ വിമാനം ജയ്പൂരിലെത്തും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ ഇവയെ ദേശീയോദ്യാനത്തിലേക്ക് കൊണ്ടുപോകും.