National

യുപിയിൽ പിഡബ്ല്യുഡി ഉദ്യോഗസ്ഥന്റെ കാർ ഇടിച്ച് മൂന്ന് കർഷകർ മരിച്ചു

ഉത്തർപ്രദേശിലെ കാൺപൂരിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്റെ കാർ ഇടിച്ച് മൂന്ന് കർഷകർ മരിച്ചതായി ആരോപണം. ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നും ആക്ഷേപമുണ്ട്. അപകടശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

തിങ്കളാഴ്ച വൈകിട്ട് ബിൽഹൗർ ടൗണിലാണ് സംഭവം. കർഷകർ കൃഷിയിടങ്ങളിലേക്ക് പോകും വഴിയാണ് അപകടത്തിൽപ്പെട്ടത്. വഴിയരികിൽ നിൽക്കുകയായിരുന്ന ഇവരെ അമിത വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. സുരേന്ദ്ര സിംഗ് (62), അഹിബറൺ സിംഗ് (63), ഘസീതെ യാദവ് (65) എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

അപകടശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവർ അജിത് കുമാർ പാണ്ഡെയെ മറ്റുള്ളവർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാൾ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. അയോധ്യയിലെ പിഡബ്ല്യുഡി ജൂനിയർ എൻജിനീയറുടെ പേരിലാണ് കാർ. ജൂനിയർ എൻജിനീയറുടെ കുടുംബത്തെ വീട്ടിലെത്തിച്ച ശേഷം മടങ്ങും വഴിയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവർക്കെതിരെ ബിൽഹൂർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കസ്റ്റഡിയിലാണെന്നും എസ്എച്ച്ഒ വ്യക്തമാക്കി.