National

‘ഹർജിക്കാർക്ക് ആക്ഷേപങ്ങൾ കേരള ഹൈക്കോടതിയെ അറിയിക്കാം’; ദ കേരള സ്റ്റോറിക്കെതിരായ ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രിംകോടതി

ദ കേരള സ്റ്റോറിക്കെതിരായ ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രിംകോടതി. ഹർജിക്കാർക്ക് ആക്ഷേപങ്ങൾ കേരള ഹൈക്കോടതിയെ അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഹൈക്കോടതിയിൽ ഫയൽ ചെയ്യുന്ന ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ബഞ്ച് നിർദേശിച്ചു. 

‘ഒരു സമുദായത്തെ മുഴുവൻ ഇകഴ്ത്തിക്കാണിക്കുന്ന ചിത്രമാണ് ദ കേരള സ്റ്റോറി. വസ്തുതാപരമല്ലാത്ത കാര്യങ്ങൾ സത്യം എന്ന രീതിയിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യുകയാണ്. അടിയന്തരമായ് സുപ്രിം കോടതി വിഷയത്തിൽ ഇടപെടണം’- ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിന്ന അഭിഭാഷക വൃന്ദ ഗ്രോവർന്റെ ആവശ്യം ഇതായിരുന്നു. ചിത്രത്തിനെതിരെ മൂന്ന്ഹർജികളാണ് സുപ്രിംകോടതിയിൽ ഫയൽ ചെയ്തിരുന്നത്.

എന്നാൽ ഹർജിയിൽ ആവശ്യത്തിൽ വ്യക്തത ഇല്ലെന്ന് സുപ്രിംകോടതി പറഞ്ഞു. ചിത്രത്തിന്റെ റിലീസ് തടയണമെന്നാണോ ഹർജ്ജിക്കാരുടെ ആവശ്യമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. ചിത്രം യഥാർഥ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ അല്ല എന്ന് എഴുതി കാണിക്കണം എന്നാണ് തങ്ങളുടെ ആവശ്യമെന്നായിരുന്നു ഗ്രോവറിന്റെ ഉത്തരം. അടിയന്തര ഇടപെടലിന് പ്രസക്തി ഇല്ലെന്നും വിഷയത്തിൽ സമാന ഹർജ്ജി കേരള ഹൈക്കോടതിയുടെ പരിഗണനയിൽ ഉണ്ടെന്നും നിർമ്മാതാക്കൾക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവെ ചൂണ്ടിക്കാട്ടി. ഇക്കാര്യം സുപ്രിം കോടതി അംഗീകരിച്ചു. ഹർജ്ജികൾ ഈ ഘട്ടത്തിൽ പരിഗണിയ്ക്കില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. കേരള ഹൈക്കോടതിയെ ഹർജ്ജി്ക്കാർക്ക് സമീപിക്കാം. ഹർജ്ജി സമർപ്പിച്ചാൽ ഉടൻ കേരള ഹൈക്കോടതി അത് പരിഗണിയ്ക്കണമെന്നും സുപ്രിം കോടതി നിർദേശിച്ചു. ചിത്രത്തിനെതിരായ അപേക്ഷയിൽ ഇടപെടാൻ ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ചും കഴിഞ്ഞ ദിവസം വിസമ്മതിച്ചിരുന്നു.