National

കർണാടകയിൽ ഹിന്ദുത്വ കാർഡിറക്കി ബിജെപി; പ്രധാനമന്ത്രിയെ മുൻനിർത്തി പ്രചാരണം

കർണാടകയിൽ ബജ്‌റംഗ്‌ദൾ വിഷയം പ്രചാരണ ആയുധമാക്കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തി പ്രചാരണം ആരംഭിച്ചു. ഹനുമാൻ ഭക്ത മോദിയെന്ന ടാഗ് ലൈനിൽ സാമൂഹിക മാധ്യമങ്ങളിൽ ക്യാമ്പയിൻ ആരംഭിച്ചു.

കർണാടകയിലെ തെരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷമായ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രംഗത്തെത്തി. കോൺഗ്രസ് പാർട്ടി ഭീകരതയുടെ സൂത്രധാരന്മാരെ സംരക്ഷിക്കുന്നുവെന്ന് ദക്ഷിണ കന്നഡയിലെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു.

കോൺഗ്രസാണ് കർണാടകയിലെ സമാധാനത്തിന്റെ ശത്രു. കർണാടകയിൽ അസ്ഥിരതയുണ്ടായാൽ നിങ്ങളുടെ ഭാവിയും അസ്ഥിരമാവും. അവർ വികസനത്തിന്റെയും ശത്രുക്കളാണ്. കോൺഗ്രസ് പ്രീണനത്തിന്റെ ഭാഗമായി തീവ്രവാദത്തിന്റെ ബുദ്ധികേന്ദ്രങ്ങളെ സംരക്ഷിക്കുകയാണ്.

ജീവിതത്തിൽ ആദ്യമായി വോട്ട് ചെയ്യാൻ പോകുന്നവരാണ് കർണാടകയുടെ ഭാവി തീരുമാനിക്കുന്നത്. വോട്ട് ചെയ്യാൻ പോകുന്ന യുവതലമുറ ചിന്തിക്കണം. നിങ്ങൾക്ക് മികച്ച കരിയർ നൽകാൻ, നിങ്ങളുടെ മനസിന് ഇഷ്ടപ്പെട്ട ജോലി നൽകാനൊന്നും കോൺഗ്രസിന് കഴിയില്ല. ബി.ജെ.പി കർണാടകയെ നമ്പർ വൺ ആക്കി മാറ്റുമെന്നും മോദി പറഞ്ഞു.