National

രാമക്ഷേത്ര ട്രസ്റ്റിലേക്ക് സംഭാവന ലഭിച്ചത് 15000 വണ്ടി ചെക്ക്; മൂല്യം 22 കോടി

രാജ്യത്തുടനീളമുള്ള ഭക്തർ രാമക്ഷേത്ര ട്രസ്റ്റിന് സംഭാവന നൽകിയ 22 കോടിയിലധികം രൂപയുടെ 15,000 ബാങ്ക് ചെക്കുകൾ ബൗൺസ് ആയി. വണ്ടിച്ചെക്കുകൾ അത് നൽകിയവർക്ക് തിരികെ നൽകാനാണ് ട്രസ്റ്റ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം വിശ്വഹിന്ദു പരിഷത്ത് പുറത്തുവിട്ട ഓഡിറ്റ് റിപ്പോർട്ട് പ്രകാരം രാമക്ഷേത്രം നിർമിക്കുന്നതിനായി ട്രസ്റ്റിന് ഇതുവരെ 3400 കോടി രൂപ സംഭാവനയായി ലഭിച്ചിട്ടുണ്ട്.

സംഭാവന നൽകിയവരുടെ വിശദ വിവരങ്ങളും ട്രസ്റ്റ് പുറത്ത് വിട്ടിട്ടുണ്ട്. 127 പേർ 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ സംഭാവന നൽകി. 25 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ സംഭാവന നൽകിയത് 123 പേർ. 927 പേർ 10 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ സംഭാവന നൽകി. ആകെ 1,428 പേർ 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ സംഭാവന നൽകിയപ്പോൾ 31,663 പേർ ഒരു ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ സംഭാവനയായി നൽകി.

വണ്ടിച്ചെക്കുകളിൽ കൂടുതലും ക്ഷേത്രം നിർമ്മിക്കുന്ന അയോദ്ധ്യ നഗരത്തിൽ നിന്നുമാണ് എന്നതാണ് കൗതുകം. മൊത്തം 15,000 ബൗൺസ് ചെക്കുകളിൽ 2,000-ത്തിലധികം ചെക്കുകൾ ഇവിടെ നിന്നും ലഭിച്ചതാണ്. ചെക്കുകൾ ബൗൺസ് ആകാനുള്ള പ്രധാന കാരണം അക്കൗണ്ടിൽ തുക ഇല്ലാത്തതാണെന്ന് ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ അയോധ്യ ഓഫീസ് ഇൻ ചാർജ് പ്രകാശ് ഗുപ്ത TOI യോട് പറഞ്ഞു. അക്ഷരപ്പിശകുകൾ, തിരുത്തിയെഴുതൽ, ഒപ്പിലെ പൊരുക്കേടുകൾ എന്നിവയും കാരണമായി. ചെക്കുകൾ ദാതാക്കൾക്ക് തിരികെ നൽകി പുതിയവ വാങ്ങാൻ ട്രസ്റ്റ് തീരുമാനിച്ചെന്നും ഗുപ്ത പറഞ്ഞു.