National

വിറ്റാമിൻ ഗുളിക കഴിക്കുന്നതിൽ പന്തയം; അമിത അളവിൽ ഗുളിക കഴിച്ച 13 കാരി മരിച്ചു

പന്തയം വച്ച് വിറ്റാമിൻ ഗുളിക കഴിച്ച ആറ് വിദ്യാർത്ഥികളിൽ ഒരാൾ ചികിത്സയ്ക്കിടെ മരണപ്പെട്ടു. ഊട്ടിയിലെ കണ്ടലിലുള്ള ഉറുദു മിഡിൽ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി സൈബ ഫാത്തിമ (13) ആണ് മരിച്ചത്. മറ്റൊരു പെൺകുട്ടി കൂടി ഗുരുതരാവസ്ഥയിലാണെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച സ്കൂളിൽ അഞ്ച് സഹപാഠികളും സൈബയും ചേർന്ന് 20 മുതൽ 30 വിറ്റാമിൻ ഗുളികകൾവരെ കഴിച്ചിരുന്നു. പന്തയം വച്ച് അമിതമായി ഗുളികകൾ കഴിച്ച കുട്ടികൾ സ്‌കൂൾ വളപ്പിൽ തളർന്നു വീഴുകയുമായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. പെൺകുട്ടികളെ സിഎംസിഎച്ചിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഫാത്തിമയുടെ കരൾ തകരാറിലായതിനെ തുടർന്ന് സ്റ്റാൻലി മെഡിക്കൽ കോളജിലക്ക് മാറ്റാൻ തീരുമാനിച്ചു.

തുടർന്ന് വൈകീട്ട് അഞ്ചുമണിയോടെ പ്രത്യേക ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. രാത്രി എട്ടുമണിയോടെ സേലത്ത് എത്തിയപ്പോൾ ശ്വാസം കിട്ടാത്തതിനെത്തുടർന്ന് സേലം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റൊരു കുട്ടിയും തീവ്രചികിത്സാവിഭാഗത്തിൽ തുടരുകയാണ്. അതിനിടെ സ്‌കൂൾ പ്രധാനാധ്യാപകനെയും ഗുളിക വിതരണത്തിന്റെ മേൽനോട്ട ചുമതല വഹിച്ചിരുന്ന അധ്യാപികയെയും സസ്‌പെൻഡ് ചെയ്തു.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ മരിച്ച പെൺകുട്ടിയുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ആശുപത്രിയിലായ മറ്റ് പെൺകുട്ടികൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായവും നൽകും.