രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തിൽ. യാത്രക്ക് ലഭിച്ച വലിയ സ്വീകാര്യത അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. ജനുവരി 26 ന് കശ്മീരിൽ യാത്ര സമാപിക്കും.
സെപ്റ്റംബർ 7 ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ പദയാത്ര ഇതിനോടകം 2800 കിലോമീറ്റർ പിന്നിട്ടു. ഏഴ് സംസ്ഥാനങ്ങൾ കടന്ന് രാജസ്ഥാനിലാണ് ഇപ്പോഴത്തെ പര്യടനം. യാത്രയുടെ നൂറാം ദിനം പ്രമാണിച്ച് വലിയ ആഘോഷ പരിപടികളും സംഘടിപ്പിച്ചിട്ടുണ്ട്. രാത്രി ജയ്പൂരിൽ സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധി ഉൾപ്പെടെ മുതിർന്ന നേതാക്കൾ പങ്കെടുക്കും. യാത്ര നൂറു ദിവസം പിന്നിടുമ്പോൾ, സംഘടനാപരമായി വലിയ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞതായി കോണ്ഗ്രസ് വിലയിരുത്തുന്നു.
യാത്രക്ക് നേരെ ബിജെപി ഉന്നയിച്ച ആരോപണങ്ങളുടെ മുനയൊടിഞ്ഞതായും കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടി. വിവിധ സംസ്ഥാനങ്ങളിൽ മറ്റു പാർട്ടി പ്രതിനിധികൾ യാത്രക്കൊപ്പം അണിചേർന്നതും യാത്ര വിജയമാണെന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തലും നേട്ടമായി കോൺഗ്രസ് ഉയർത്തിക്കാട്ടുന്നു. ബിജെപി കേന്ദ്രങ്ങളിൽ ഉൾപ്പെടെ യാത്രയിലെ ജനപങ്കാളിത്തം കോൺഗ്രസിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. അതേസമയം യാത്രയിലേക്ക് ഒഴുകിയെത്തിയ ഈ ജനസഞ്ചയം വരാനിരിക്കുന്ന നിയമസഭാ ലോക്സഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വോട്ടായി മാറുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.