ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട ചടങ്ങില്‍ മഹിഷാസുര ബൊമ്മക്കുലുവിന് പകരമായി മഹാത്മാഗാന്ധിയുടെ രൂപമുള്ള ബൊമ്മക്കുലു ഗാന്ധിജയന്തി ദിനത്തില്‍ പ്രത്യക്ഷപ്പെട്ടത് വിവാദമാകുന്നു. തെക്കുപടിഞ്ഞാറന്‍ കൊല്‍ക്കത്തയിലെ റൂബി ക്രോസിംഗിന് സമീപം ചടങ്ങിലാണ് സംഭവം. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഗാന്ധിയോട് രൂപസാദൃശ്യമുള്ള ബൊമ്മക്കുലു നീക്കം ചെയ്യാന്‍ പൊലീസ് അഖില ഭാരതീയ ഹിന്ദു മഹാസഭയ്ക്ക് നിര്‍ദേശം നല്കി. പ്രതിമകള്‍ക്ക് ഗാന്ധിയോട് രൂപസാദൃശ്യം തോന്നിയത് യാദൃശ്ചികമാണെന്ന് ഹിന്ദു മഹാസഭ പ്രതിനിധികള്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. (Gandhi look alike as Asura in Kolkata puja pandal stokes controversy)
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്, പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപി, സിപിഐഎം, കോണ്‍ഗ്രസ് മുതലായവര്‍ സംഭവത്തില്‍ എതിര്‍പ്പറിയിച്ചിട്ടുണ്ട്. തല മുണ്ഡനം ചെയ്ത, കണ്ണട വച്ച ഒരു രൂപം ഗാന്ധിയാകണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ഹിന്ദു മഹാസഭ പശ്ചിമ ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് ചന്ദ്രചുര്‍ ഗോസ്വാമി ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചത്. വിഗ്രഹം ഒരു പരിചയുമേന്തിയിട്ടുള്ളതായി ശ്രദ്ധിച്ചാല്‍ മനസിലാക്കാം. ഗാന്ധി പരിച ഉപയോഗിക്കാറില്ലല്ലോ. ദുര്‍ഗ മാതാ കൊന്ന അസുരകന് ഗാന്ധിയോട് സാദൃശ്യമുണ്ടായത് യാദൃശ്ചികമാണ്. ഗാന്ധി വിമര്‍ശിക്കപ്പെടണം എന്നുള്ളത് വസ്തുതയുമാണെന്നും ചന്ദ്രചുര്‍ ഗോസ്വാമി കൂട്ടിച്ചേര്‍ത്തു.
ഇത് അസഭ്യതയുടെ അങ്ങേയറ്റമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബംഗാള്‍ ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് പ്രതികരിച്ചത്. ബിജെപിയുടെ നാടകം പൊളിഞ്ഞെന്നും ഇതാണ് അവരുടെ യഥാര്‍ഥ മുഖമെന്നും അദ്ദേഹം പ്രതികരിച്ചു. മഹാത്മാ ഗാന്ധി നമ്മുടെ രാഷ്ട്രപിതാവാണ്. ലോകം ഗാന്ധിയെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെയും ബഹുമാനിക്കുന്നു. മഹാത്മാഗാന്ധിയെ ഇത്തരത്തില്‍ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും ഘോഷ് കൂട്ടിച്ചേര്‍ത്തു.