National

റിക്രൂട്ട്‌മെന്റ് അഴിമതിക്കേസില്‍ ബംഗാള്‍ മന്ത്രിയുടെ മകളെ പിരിച്ചു വിടാന്‍ ഉത്തരവ്; ശമ്പളം മുഴുവന്‍ തിരികെ അടയ്ക്കണം

റിക്രൂട്ട്‌മെന്റ് അഴിമതിക്കേസില്‍ ബംഗാള്‍ മന്ത്രി പരേഷ് ചന്ദ്ര അധികാരിയുടെ അങ്കിതയെ സര്‍വീസില്‍ നിന്നും പിരിച്ചു വിടാന്‍ ഉത്തരവ്. കൊല്‍ക്കത്ത ഹൈക്കോടതിയുടേതാണ് നിര്‍ണ്ണായക വിധി. അങ്കിത അധികാരി 2018 മുതല്‍ ഇതുവരെ കൈപ്പറ്റിയ ശമ്പളം മുഴുവന്‍ തിരിച്ചടക്കണമെന്നും കോടതി ഉത്തരവിട്ടു.

ജോലിയില്‍ നിന്ന് ലഭിച്ച ശമ്പളം മുഴുവനും രണ്ട് ഗഡുക്കളായി തിരിച്ചടക്കാനാണ് കോടതി ഉത്തരവ്. ആദ്യ ഗഡു ജൂണ്‍ 7 ന് മുന്‍പ് അടയ്ക്കണം. ചട്ടവിരുദ്ധമായാണ് അങ്കിത അധികാരിയുടെ നിയമനം നടന്നതെന്ന് കോടതി കണ്ടെത്തിയിരുന്നു.

അതേ സമയം മന്ത്രി പരേഷ് ചന്ദ്ര അധികാരിയെ സിബിഐ ചോദ്യം ചെയ്യുകയാണ്. ഇത് തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ചോദ്യം ചെയ്യല്‍. 2018ല്‍ മകള്‍ അങ്കിതയ്ക്ക് സ്‌കൂള്‍ ടീച്ചറായി നിയമനം നല്‍കിയ കേസിലാണ് ചോദ്യം ചെയ്യല്‍. കേസില്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെയും സിബിഐ ചോദ്യം ചെയ്തിരുന്നു. കേസില്‍ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് മുന്‍പ് ഹാജരാകാനുള്ള കോല്‍ക്കാത്ത ഹൈക്കോടതിയുടെ ഉത്തരവ് അധികാരി പാലിച്ചിരുന്നില്ല.