National

‘മഹാരാഷ്ട്ര മുഖ്യമന്ത്രിയെ കൊല്ലാന്‍ ഗൂഡാലോചന’; മദ്യലഹരിയില്‍ പൊലീസിനെ ഫോണ്‍ വിളിച്ചയാള്‍ അറസ്റ്റില്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടന്നുവെന്നും തനിക്ക് അതിനെ കുറിച്ച് വിവരങ്ങളറിയാമെന്നും പറഞ്ഞ് പൊലീസിനെ ഫോണ്‍ വിളിച്ചയാളെ അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് ഇയാള്‍ പൊലീസിനെ വിളിച്ചത്. മുംബൈ സ്വദേശി അവിനാഷ് വാഗ്മെയര്‍ എന്നയാളാണ് പിടിയിലായത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ലോണാവാലയിലെ ഒരു ധാബയില്‍ ഇറങ്ങിയ പ്രതി ഒരു ഹോട്ടലില്‍ കയറുന്നു. ഈ സമയത്ത് മദ്യലഹരിയിലായിരുന്ന ഇയാള്‍ ഒരു കുപ്പി വെള്ളത്തിന് ഹോട്ടല്‍ മാനേജര്‍ അമിത വില ഈടാക്കിയെന്നാരോപിച്ച് ബഹളമുണ്ടാക്കി. ശേഷം മറ്റൊരു മൊബൈല്‍ നമ്പറില്‍ നിന്ന് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് ഇക്കാര്യം പറയുകയും ഹോട്ടല്‍ മാനേജര്‍, മുഖ്യമന്ത്രി ഷിന്‍ഡെയെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നും പറഞ്ഞു.

ഉടന്‍ തന്നെ പൊലീസ് വിളിച്ച നമ്പര്‍ കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍ വെള്ളത്തിന് അമിത വില ഇടാക്കിയതിന് ഹോട്ടല്‍ മാനേജരെ ഒരു പാഠം പഠിപ്പിക്കാനാണ് താന്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചതെന്നാണ് പ്രതിയുടെ മൊഴി.