കൊറോണയും യുക്രൈൻ യുദ്ധവും ഉയർത്തിയ വെല്ലുവിളി അതിജീവിക്കാൻ സമ്പദ്ഘടനയെ പ്രാപ്തമാക്കിയത് കേന്ദ്ര സർക്കാരിന്റെ ഫലപ്രദമായ സാമ്പത്തിക നയങ്ങളാണെന്ന് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. വെല്ലുവിളികളെ അതിജീവിക്കാൻ ഇന്ത്യൻ സമ്പദ്ഘടന സുശക്തമെന്ന് കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.(nirmala seetharaman praises modi government)
ലോകത്ത് മറ്റൊരു രാജ്യങ്ങൾക്കും സാദ്ധ്യമാകാത്ത നേട്ടം കൈവരിക്കാൻ ഇന്ത്യക്ക് സാധിച്ചു. നമ്മൾ മുന്നേറുകയാണ്. നമ്മുടെ സമ്പദ്ഘടന സമസ്ത മേഖലയിലും ഡിജിറ്റൽവത്കരിക്കപ്പെട്ടു. ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഇത് സാധിച്ചത്. തുടർന്നും ജനങ്ങൾക്ക് വേണ്ടി സർക്കാർ നിലകൊള്ളുമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.
അപ്രതീക്ഷിതമായ ആഘാതമായി ആഗോള സമ്പദ്ഘടനയ്‌ക്ക് മേൽ കൊറോണയും യുക്രൈൻ യുദ്ധവും ആഞ്ഞടിച്ചുവെങ്കിലും ഇന്ത്യക്ക് ഫലപ്രദമായി ആ സാഹചര്യങ്ങളെ നേരിടാൻ സാധിച്ചതായി നിർമ്മല സീതാരാമൻ വ്യക്തമാക്കി. ബാങ്കിംഗ് പരിഷ്കരണങ്ങൾ, കോർപ്പറേറ്റ് നികുതി ഇളവ്, ജിഎസ്ടി നടപ്പിലാക്കൽ തുടങ്ങിയ നടപടികൾ വലിയ തോതിൽ സമ്പദ്ഘടനയ്‌ക്ക് ഗുണം ചെയ്തു.
യുക്രൈൻ യുദ്ധം ആഗോള വിതരണ ശൃംഖലയെ തടസ്സപ്പെടുത്തി. അപ്രതീക്ഷിതമായ പ്രതിസന്ധിയാണ് ഇതുകാരണം ഉണ്ടായത്. 2014 കാലഘട്ടം മുതൽ മോദി സർക്കാർ ദീർഘവീക്ഷണത്തോടെ നടപ്പിലാക്കിയ പദ്ധതികൾ പ്രതിസന്ധികാലത്ത് രാജ്യത്തിന് നേട്ടമായി. പല ലോകരാജ്യങ്ങളും പ്രതിസന്ധികൾക്ക് മുന്നിൽ പതറിയപ്പോൾ ഇന്ത്യ അവസരം ഫലപ്രദമായി വിനിയോഗിച്ചുവെന്നും ധനകാര്യ മന്ത്രി വിശദീകരിച്ചു.
സാമ്പത്തിക ഞെരുക്കത്തിന്റെ നാളുകളിലും ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ലോകരാജ്യങ്ങൾ അംഗീകരിച്ചു. ലോക്ക്ഡൗണിനെ തുടർന്നുള്ള നാളുകളിൽ വായ്പകൾ വഴി വലിയ തോതിൽ പണം ജനങ്ങളുടെ കൈകളിലെത്തി. തിരിച്ചടവിന് മേൽ പുതിയ ഒരു അധികനിരക്കും ഏർപ്പെടുത്തിയില്ല. ആരോഗ്യ രംഗത്ത് ആയുഷ്മാൻ ഭാരത് പദ്ധതിയും ഗുണം ചെയ്തെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.