National

തീവ്രവാദ പ്രവർത്തനങ്ങളെ എതിർക്കുന്നു; ഐഎൻഎലിനെതിരെ തെളിവുണ്ടെങ്കിൽ സുരേന്ദ്രൻ കൊണ്ടുവരട്ടെ എന്ന് സിപിഐഎം

തീവ്രവാദ പ്രവർത്തനങ്ങളെ എതിർക്കുന്നു എന്ന് സിപിഐഎം. വാർത്താസമ്മേളനത്തിലൂടെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യത്തിൽ നിലപാടറിയിച്ചത്. ആർഎസ്എസും പോപ്പുലർ ഫ്രണ്ടും അക്രമം നിർത്തണം. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് പരിഹാരമല്ല. പൂർവ ചരിത്രം അത് തെളിയിച്ചതാണ്. മുൻപ് ആർഎസ്എസിനെ നിരോധിച്ചത് തെളിവാണ്. ഇത്തരം ശക്തികളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. ബുൾഡോസർ രാഷ്ട്രീയം ശരിയല്ല. നിരോധിച്ചാൽ പുതിയ പേരിൽ സംഘടനകൾ രൂപീകരിക്കപ്പെടും എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. (cpim popular front surendran)

പിഎഫ്‌ഐ അനുബന്ധ സംഘടനയായ റിഹാബ് ഫൗണ്ടേഷനുമായി ഐഎൻഎലിന് ബന്ധമുണ്ടെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ്റെ ആരോപണത്തിലും യെച്ചൂരി പ്രതികരിച്ചു. സംസ്ഥാന ബിജെപിയുടെ സ്ഥിരം നടപടിയാണ് ആരോപണം ഉന്നയിക്കുക എന്നത്. എൽഡിഎഫിന് എതിരെ ആരോപണം ഉന്നയിക്കുന്ന കെ സുരേന്ദ്രൻ തെളിവുണ്ടെങ്കിൽ കൊണ്ട് വരട്ടെ. പി ഫ് ഐ നിരോധനം രാഷ്ട്രീയ പ്രേരിതമോ എന്ന ചോദ്യത്തിന് ജനം തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

നിരോധിച്ച പിഎഫ്‌ഐ അനുബന്ധ സംഘടനയായ റിഹാബ് ഫൗണ്ടേഷനുമായി ഐഎൻഎലിന് ബന്ധമുണ്ടെന്നായിരുന്നു കെ സുരേന്ദ്രൻ്റെ ആരോപണം. മന്ത്രി അഹമ്മദ് ദേവർ കോവിലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം.റിഹാബ് ഫൗണ്ടേഷന്റെ തലവനാണ് ഐഎൻഎലിന്റെയും തലവൻ. മന്ത്രി അഹമ്മദ് ദേവർ കോവിലിനും റിഹാബ് ഫൗണ്ടേഷനും അടുത്ത ബന്ധമുണ്ട്. എൽഡിഎഫിൽ നിന്ന് ഐഎൻഎലിനെ പുറത്താക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

പല തദ്ദേശ സ്ഥാപനങ്ങളിലും എസ്ഡിപിഐയുമായി ചേർന്ന് ഇടത്-വലത് മുന്നണിക്ക് ഭരണമുണ്ട്. ഇതവസാനിപ്പിക്കാൻ തയ്യാറാകുമോ എന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ചോദിച്ചു. പിഎഫ്‌ഐ നിരോധനം ശരിയായ തീരുമാനമാണ്. തീരുമാനം ബലിദാനികളോടുള്ള ആദരസൂചകമായി കാണുന്നു. സിപിഐഎമ്മിനും കോൺഗ്രസിനും ഉത്തരം മുട്ടിയിരിക്കുകയാണ്. ആർ.എസ്.എസിനെ കൂടെ നിരോധിക്കണമെന്ന് പറയുന്നത് പിഎഫ്‌ഐയെ സഹായിക്കാനാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.