നിരവധി ചലഞ്ചുകളാണ് ദിനേന സോഷ്യല്‍ മീഡിയയില്‍ കാണാനാവുക. എന്നാല്‍ സമൂഹത്തിന് ഗുണകരമാകുന്ന, വ്യത്യസ്തമായൊരു ചലഞ്ചാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മാലിന്യം നിറഞ്ഞ ഒരു സ്ഥത്തെ മാറ്റി എടുക്കുന്നതാണ് ഈ പുതിയ ചലഞ്ച്. ‘ചലഞ്ച് ഫോർ ചെയിഞ്ച്’ എന്ന ഹാഷ്ടാഗോടു കൂടി തുടങ്ങിയ ചലഞ്ച് നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്.
മാലിന്യപ്രശ്നത്തിന് പരിഹാരവും പരിസരശുചീകരണവുമാണ് ചലഞ്ചിന്റെ ലക്ഷ്യം. മാലിന്യം നിറഞ്ഞ ഒരു സ്ഥലത്തെത്തി അവിടെ നില്‍ക്കുന്ന ഒരു ചിത്രമെടുക്കുക. ആ സ്ഥലത്തെ മാലിന്യം ശേഖരിച്ച് പ്രദേശം വ്യത്തിയാക്കിയ ശേഷം ഒരു ചിത്രം കൂടി എടുക്കുക. ശേഷം ഇവ രണ്ടും ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക. ഇതാണ് ചലഞ്ചിന്റെ രീതി.
‘വി ഡോണ്ട് ഡിസര്‍വ് ദിസ് പ്ലാനറ്റ്’ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ചലഞ്ച് തരംഗമായിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിലും ഈ ഹാഷ്ടാഗും ചിത്രങ്ങളും ഏറെ ചർച്ചയായി കഴിഞ്ഞു. ഒട്ടേറെ യുവാക്കളാണ് ഈ ചലഞ്ച് എറ്റെടുത്ത് മുന്നോട്ട് വന്നിരിക്കുന്നത്.