National

ഗ്യാൻവാപി മസ്ജിദ് തർക്കം; വാരണാസി ജില്ലാ കോടതി ഇന്ന് പരി​ഗണിക്കും

ഗ്യാൻവാപി മസ്ജിദ് തർക്കം ഇന്ന് വാരണാസി ജില്ലാ കോടതിയിൽ. സുപ്രിംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മുതിർന്ന ജില്ലാ ജഡ്ജി അജയകൃഷ്ണ വിശ്വേശ ആണ് വിഷയം പരിഗണിക്കുന്നത്.

കേസ് നേരത്തെ പരിഗണിച്ചിരുന്ന വാരണാസി സിവിൽ കോടതിയിൽ നിന്ന് ഫയലുകൾ ജില്ലാ കോടതിക്ക് കൈമാറിയിരുന്നു. വിഷയത്തിലെ സങ്കീർണത കാരണം അനുഭവപരിചയമുള്ള മുതിർന്ന ജഡ്ജി കേസ് പരിഗണിക്കട്ടേയെന്ന് സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു. മസ്ജിദിൽ പരിശോധന നടത്തിയ അഡ്വക്കേറ്റ് കമ്മിഷണർമാർ സർവേ റിപ്പോർട്ട് വാരണാസി കോടതിക്ക് കൈമാറിയിട്ടുണ്ട്.

ശിവലിംഗം, ക്ഷേത്ര അവശിഷ്ടങ്ങൾ തുടങ്ങിയവ കണ്ടെത്തിയെന്ന കാര്യം സർവേ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. അതേസമയം, വിഷയത്തിൽ രാഷ്ട്രീയ വിവാദവും തുടരുകയാണ്. മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയിട്ടില്ലെന്നും, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വിവാദമാണെന്നും സമാജ്‌വാദി പാർട്ടി എം.പി ഷാഫിഖുർ റഹ്‌മാൻ ബർഖ് ആരോപിച്ചിരുന്നു.