National

ഇന്ധനവിലയിലെ കുറവ്, പ്രതിവർഷ വരുമാനനഷ്ടം 2,20000 കോടി; മന്ത്രി നിർമല സീതാരാമൻ

ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറച്ചതിന്റെ ബാധ്യത കേന്ദ്രത്തിന് മാത്രമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. നവംബർ 21നും ഇന്നലെയും കുറച്ച തീരുവയുടെ ബാധ്യത സംസ്ഥാനങ്ങൾക്കില്ല. രണ്ട് തവണ എക്സൈസ് തീരുവ കുറച്ചതിലൂടെ 2,20000 കോടിയുടെ പ്രതിവർഷ വരുമാന നഷ്ടമാണുണ്ടാകുന്നതെന്നും മന്ത്രി വ്യക്തമാക്കി. അടിസ്ഥാന എക്സൈസ് തീരുവ, പ്രത്യേക അധിക എക്സൈസ് തീരുവ, റോഡ് സെസ്,
കാർഷിക, പശ്ചാത്തല വികസന സെസ് എന്നിവ ചേർന്നാണ് ഇന്ധന വിലയിലെ എക്സൈസ് തീരുവ വരുന്നത്. സംസ്ഥാനങ്ങളുമായി പങ്കിടുന്നത് അടിസ്ഥാന എക്സൈസ് തീരുവ മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്രം കുറച്ചതിന് ആനുപാതികമായി സംസ്ഥാന സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കുമെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ പ്രതികരിച്ചിരുന്നു. പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയുമാണ് കുറയ്ക്കുക. അതോടെ കേരളത്തിൽ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.35 രൂപയും കുറയും. ഇന്ധനവില നികുതി കുറച്ച കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ സ്വാ​ഗതം ചെയ്യുകയാണെന്നും ബാല​ഗോപാൽ കൂട്ടിച്ചേർത്തു.

പിണറായി സർക്കാർ പെട്രോളിനും ഡീസലിനും 10 രൂപ നികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ ഇത്രയധികം വില കുറച്ച സാഹചര്യത്തിൽ കേരളവും വില കുറയ്ക്കാൻ തയ്യാറാകണം. ജന​ദ്രോഹ നയത്തിൽ നിന്ന് പിണറായി സർക്കാർ പിൻമാറിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം ബിജെപി സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇന്ധനവില കുറച്ച കേന്ദ്ര സർക്കാർ നടപടിയിൽ പരിഹാസവുമായി കോൺ​ഗ്രസ് രം​ഗത്തെത്തിയിരുന്നു. 60 ദിവസം കൊണ്ട് പെട്രോൾ വിലയിൽ 10 രൂപയാണ് കൂട്ടിയതെന്ന് രൺദീപ് സുർജേവാല പറഞ്ഞു. ഇത്രയും വില കുത്തനെ കൂട്ടിയ ശേഷം ഇപ്പോൾ പെട്രോൾ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയും കുറച്ച് ജനങ്ങളെ പറ്റിക്കരുത്. ഡീസലിന് പത്ത് രൂപ വർധിപ്പിച്ചിട്ട് ഇപ്പോൾ കുറച്ചത് ഏഴ് രൂപ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.