രാജ്യത്ത് കോവിഡ് പ്രതിദിന കണക്കിൽ കുറവ്. 24 മണിക്കൂറിനിടെ 55,723 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിൽ സ്കൂളുകൾ ഇന്ന് ഭാഗികമായി തുറന്നു.
രാജ്യത്ത് ആകെ കോവിഡ് കേസുകൾ മുക്കാൽ കോടി കടന്നു. എന്നാൽ, പ്രതിദിന കണക്കിൽ കുറവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,723 കേസുകളാണ് കണ്ടെത്തിയത്. പ്രതിദിന മരണ നിരക്കിലും കുറവുണ്ട്. 579 പേരാണ് മരിച്ചത്. ആകെ മരണം 1,14,610. മരണ നിരക്ക് 1.52% ആണ്.
രോഗമുക്തി നിരക്ക് 88.26 % ആയി ഉയർന്നു. മഹാരാഷ്ട്രയിൽ നാളുകൾക്കു ശേഷം പ്രതിദിന കണക്ക് പതിനായിരത്തിനു താഴെയെത്തി. മിസോറമിൽ കഴിഞ്ഞ ദിവസം ഒറ്റ കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം മൂന്നു സംസ്ഥാനങ്ങളിൽ സ്കൂളുകൾ ഇന്ന് ഭാഗികമായി തുറന്നു. അഞ്ചാം അൺ ലോക്കിന്റെ ഭാഗമായി ഉത്തർ പ്രദേശ്,പഞ്ചാബ്, സിക്കീം എന്നീ സംസ്ഥാനങ്ങളിലാണ് വിദ്യാലയങ്ങൾ തുറന്നത്.
കണ്ടെയ്ൻമെൻ്റ് മേഖലയിലൊഴികെയുള്ള സ്കൂളുകളിൽ ഒമ്പതു മുതൽ 12 വരെയുള്ള ക്ലാസുകളാണ് ആരംഭിച്ചത്. ഉത്തർപ്രദേശിൽ 50 ശതമാനം കുട്ടികൾക്ക് മാത്രമാണ് പ്രവേശനം. പഞ്ചാബിൽ അധ്യയനം മൂന്നു മണിക്കൂറാണ്. സിക്കിമിൽ സാധാരണ നിലയിലാണ് ക്ലാസുകളുടെ പ്രവർത്തനം. ആഴ്ചയിൽ 6 ദിവസവും സ്കൂളുകൾ പ്രവർത്തിക്കും.