രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം. ആന്ധ്രയിൽ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. തമിഴ്‌നാട്ടിൽ കൊവിഡ് മരണങ്ങൾ 6000 പിന്നിട്ടു. ഗോവയിൽ മുൻ ഉപമുഖ്യമന്ത്രി രാംകൃഷ്ണ ധാവലിക്കറിനും ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചു. കർണാടകയിലെ ബിജെപി എംപി ശ്രീനിവാസ് പ്രസാദ് രോഗബാധിതനായി. സമ്പർക്ക പട്ടികയിലുള്ള കർണാടക ബിജെപി ഉപാധ്യക്ഷനും, മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ മകനുമായ ബി.വൈ വിജയേന്ദ്ര വീട്ടുനിരീക്ഷണത്തിലേക്ക് മാറി. കോയമ്പത്തൂരിലെ ജ്വല്ലറിയിൽ 50 ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ചു.
മഹാരാഷ്ട്രയിൽ 11,119 പുതിയ കേസുകളും 422 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,15,477ഉം, മരണം 20,687ഉം ആയി ഉയർന്നു. മൂന്ന് ലക്ഷം കേസുകൾ കടക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി ആന്ധ്ര മാറി. ഒരു ലക്ഷം കേസുകൾ വർധിച്ചത് വെറും പതിനൊന്ന് ദിവസം കൊണ്ട്. സംസ്ഥാനത്ത് ആകെ രോഗബാധിതർ 3,06,261 ആയി.
24 മണിക്കൂറിനിടെ 9,652 പേർക്ക് രോഗം സ്ഥിരീകരിച്ചു. 88 പേർ കൂടി മരിച്ചു. കർണാടകയിൽ രോഗവ്യാപനം അയവില്ലാതെ തുടരുകയാണ്. 7,665 പുതിയ കേസുകളും 139 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 2,40,948ഉം, മരണം 4,201ഉം ആയി. ബംഗളൂരുവിൽ മാത്രം 2,242 പുതിയ കേസുകൾ. തമിഴ്‌നാട്ടിൽ ആകെ മരണം 6,007. കൊവിഡ് ബാധിതരുടെ എണ്ണം 3,49,654 ആയി. ഉത്തർപ്രദേശിൽ 4336ഉം, പശ്ചിമബംഗാളിൽ 3,175ഉം, ബിഹാറിൽ 3,257ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.