ജമ്മുകശ്മീരില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള. സീറ്റ് വിഭജനം സംബന്ധിച്ച് സംശയമില്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി. ജമ്മുകശ്മീര്‍ കിക്കറ്റ് അസോസിയേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഫാറൂഖ് അബ്ദുള്ളയെ ഇഡി വിളിച്ചുവരുത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ചുള്ള പ്രഖ്യാപനം വരുന്നത്.
ഇന്ത്യാ മുന്നണിയുടെ എല്ലാ പ്രതിപക്ഷ യോഗങ്ങളിലും പങ്കെടുക്കുന്ന ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയായ അബ്ദുള്ളയുടെ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം മുന്നണിക്ക് തിരിച്ചടിയാകും. സീറ്റ് വിഭജനത്തെ കുറിച്ച് ഇന്ത്യാ മുന്നണിക്കുള്ളില്‍ സമവായം ഉണ്ടാകാത്തതിനെ തുടര്‍ന്ന് നേരത്തെ മുതല്‍ ഫാറൂഖ് അബ്ദുള്ള ആശങ്ക പ്രകടിപ്പിച്ചിരുന്നു.
പ്രതിപക്ഷ വിയോജിപ്പുകള്‍ മാറ്റിവച്ച് രാജ്യത്തിന്റെ ക്ഷേമത്തിന് മുന്‍ഗണന നല്‍കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലുമായി നടത്തിയ അഭിമുഖത്തില്‍ ഫാറൂഖ് അബ്ദുള്ള പറഞ്ഞിരുന്നു.ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഓരോ പാര്‍ട്ടിക്കും അവരുടേതായ പരിമിതികളുണ്ടെന്നും ഫാറൂഖ് അബ്ദുള്ളയുടെ തീരുമാനത്തോട് പ്രതികരിച്ചുകൊണ്ട് കോണ്‍ഗ്രസ് എംപി ജയറാം രമേശ് പറഞ്ഞു. നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഇന്ത്യാ മുന്നണിയുടെ ഭാഗമാണെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും ജയ്‌റാം രമേശ് കൂട്ടിച്ചേര്‍ത്തു.